17 കാരനായ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ | Brazil | Endrick

വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 17-കാരനായ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിനു വിജയം നേടിക്കൊടുത്തത്.ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഡോറിവൽ ജൂനിയറിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ നടന്നത്.

പുതിയ പരിശീലകനായ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീൽ പുതിയ യുഗത്തിലേക്ക് നീങ്ങുകയാണ്.വിനീഷ്യസ് ജൂനിയറിൻ്റെ ഒരു ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തടഞ്ഞെങ്കിലും ജൂലൈയിൽ പാൽമേറാസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന എൻഡ്രിക്ക് അവസാനം മുതലെടുത്ത് ഗോളാക്കി മാറ്റുകയായിരുന്നു. വെംബ്ലിയിൽ ഒരു അന്താരാഷ്ട്ര ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കളിക്കാരനായി എൻഡ്രിക്ക് മാറി. ഗോൾ നേടുമ്പോൾ 17 വർഷവും 246 ദിവസവും ആയിരുന്നു ബ്രസീലിയൻ താരത്തിന്റെ പ്രായം.

ബ്രസീലിയൻ യുവതാരത്തിന് ആ ഗോൾ അവിസ്മരണീയമായിരിക്കും കാരണം എൻഡ്രിക്കിൻ്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.2020 ഒക്ടോബറിൽ യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനോട് തോറ്റതിന് ശേഷം 21 മത്സരങ്ങളിൽ വെംബ്ലിയിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ തോൽവിയാണിത്.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ തോൽവികൾ നേരിട്ട ബ്രസീലിന് ഇംഗ്ലണ്ടിനെതിരെയുള്ള വിജയം വലിയ ആശ്വാസമാണ് നല്കുക. ഇന്നലത്തെ മത്സരത്തിൽ അഞ്ച് കളിക്കാർ ബ്രസീലിയൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പടെയുള്ള പ്രധാന കളിക്കാരെ പരിക്കുമൂലം നഷ്ടമായ ഇംഗ്ലണ്ട് യുവ താരങ്ങളെയാണ് പരീക്ഷിച്ചത്.

ഇംഗ്ലണ്ടിനായി ന്യൂകാസിൽ യുണൈറ്റഡിൻ്റെ ആൻ്റണി ഗോർഡന് അരങ്ങേറ്റം കുറിച്ചു, ആസ്റ്റൺ വില്ല ഡിഫൻഡർ എസ്രി കോൻസയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കൗമാരക്കാരനായ മിഡ്ഫീൽഡ് പ്രോഡിജി കോബി മൈനുവും പകരക്കാരായി ആദ്യ ക്യാപ്സ് നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടാൻ ബ്രസീലിന് മികച്ച അവസരണങ്ങൾ ലഭിച്ചു , ലൂക്കാസ് പക്വറ്റയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മികച്ച അവസരങ്ങൾ വിനിഷ്യസും റോഡ്രിഗോയും റാഫിഞ്ഞയും നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള അവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു.17-കാരനായ എൻഡ്രിക്ക് ഒടുവിൽ വിജയ ഗോൾ കണ്ടെത്തി. ഇതോടെ ബ്രസീൽ അവരുടെ നാല്-ഗെയിം വിജയരഹിതമായ ഓട്ടം അവസാനിപ്പിച്ചു.

Rate this post