‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി വരുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം |Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു.

അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനൊപ്പം ചേരുകയും ചെയ്യും.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കും. എന്നാൽ കാർലോ ആൻസലോട്ടിയെ പരിശീലകസ്ഥാനത്ത് എത്തിക്കുന്നതിൽ ഇതിഹാസ താരം കഫുവിനു ചില സംശയങ്ങളുണ്ട്. ബ്രസീൽ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ പോകുന്നതിന്റെ യാതൊരു ആവേശവും അദ്ദേഹം കാണിക്കുന്നില്ലെന്നതാണ് പ്രധാന കാരണം.

ടിഎൻടി ബ്രസീലിന് നൽകിയ അഭിമുഖത്തിൽ ഇറ്റാലിയൻ പരിശീലകന്റെ ബ്രസീലിയൻ പരിശീലക സ്ഥാനത്തോടുള്ള പ്രതിബദ്ധതയെ കഫു ചോദ്യം ചെയ്തു. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ദേശീയ ടീമിനെ നിയന്ത്രിക്കാൻ അവസരം കിട്ടിയ ഏതൊരു പരിശീലകനും ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള തന്റെ ആഗ്രഹം അഭിമാനത്തോടെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ബ്രസീലിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് ഒരു ബഹുമതിയാണെന്ന് എന്നെങ്കിലും ആൻസലോട്ടി പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അഞ്ചു തവണ ലോകചാമ്പ്യന്മാരായ ഒരു ടീമിനെ നയിക്കുന്നത് ഒരു ബഹുമതിയാണെന്ന് പറഞ്ഞിട്ടുണ്ടോ? 220 ദശലക്ഷം വരുന്ന ബ്രസീലിയൻസ് ആദരവോടെ കാണുന്ന ഈ ജേഴ്‌സി അണിയാൻ അഭിമാനമാണെന്ന് പറഞ്ഞിട്ടുണ്ടോ?”കഫു പറഞ്ഞു.

“ബ്രസീൽ ദേശീയ ടീമുമായി കരാർ ഒപ്പിട്ടാൽ ഏത് പരിശീലകനും ആദ്യം എന്ത് ചെയ്യും? അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ടീമിനെ പരിശീലിപ്പിക്കുമെന്ന് അദ്ദേഹം ലോകത്തെ അറിയിക്കും. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ഏക രാജ്യം ഞങ്ങളാണ്. ബ്രസീൽ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് ആർക്കും അഭിമാനിക്കാവുന്ന കാര്യമാണ്” ഇതിഹാസ ബ്രസീലിയൻ ഫുൾ ബാക്ക് കൂട്ടിച്ചേർത്തു.

Rate this post