സഞ്ജുവിനെപ്പോലെ നിർഭാഗ്യവാനായ മറ്റൊരു ഇന്ത്യൻ താരത്തെ കാണിച്ചു തരാൻ സാധിക്കുമോ ? |Sanju Samson

വീണ്ടും മറ്റൊരു ഐസിസി ടൂർണമെന്റിൽ നിന്ന് കൂടി സഞ്ജു സാംസൺ തഴയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യ നിരന്തരം അവഗണിച്ചിരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അതിനുശേഷം ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും സഞ്ജു സാംസനെ ഒഴിവാക്കിയിരിക്കുന്നു.

ഇനി ഇന്ത്യൻ ടീമിലെ സഞ്ജു സാംസണിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ് ഈ ഒഴിവാക്കലിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ മൂന്ന് വമ്പൻ ടൂർണമെന്റുകൾക്കുള്ള ടീമിനെയാണ് ഇന്ത്യ കഴിഞ്ഞ സമയങ്ങളിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

31 താരങ്ങളോളം ഇന്ത്യയുടെ ഈ സ്ക്വാഡുകളിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ ഇത്രയേറെ താരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടും സഞ്ജു സാംസണിന് ഈ മൂന്ന് ടൂർണമെന്റുകൾക്കുള്ള സ്ക്വാഡിലും സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച 4 വിക്കറ്റ് കീപ്പർമാരുടെ പേരെടുത്താൽ അതിലൊന്ന് സഞ്ജു സാംസൺ തന്നെയാവും. ഇതിൽ പ്രധാന വിക്കറ്റ് കീപ്പറായ പന്ത് വളരെക്കാലമായി പരീക്കിന്റെ പിടിയിലുമാണ്. എന്നിട്ടും ഈ ടൂർണമെന്റുകളിൽ അണിനിരക്കാൻ സാധിച്ച 31 പേരിൽ സഞ്ജു സാംസൺ ഉൾപ്പെടുന്നില്ല എന്നത് അത്ഭുതകരം തന്നെയാണ്.

മുൻപ് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഋതുരാജ് നായകനായുള്ള ടീമിൽ ഇന്ത്യ യുവനിരയെയാണ് അണിനിരത്തിയത്. ടീമിലെ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് എത്തിയത്. യുവതാരങ്ങളെ ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറക്കിയപ്പോൾ സഞ്ജു സാംസനെ അവിടെയും ഒഴിവാക്കി.

എന്നാൽ സഞ്ജു ഏകദിന ലോകകപ്പിൽ കളിക്കുന്നത് കൊണ്ടാവാം ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത് എന്ന് എല്ലാവരും ചിന്തിച്ചു. പക്ഷേ ഇപ്പോൾ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലും സഞ്ജുവിന് സ്ഥാനമില്ല. ഇത്രമാത്രം നിർഭാഗ്യവാനായ മറ്റൊരു ഇന്ത്യൻ താരം ഉണ്ടായിട്ടുണ്ടോ എന്നതുപോലും സംശയമാണ്. എന്തായാലും വലിയ രീതിയിലുള്ള നിരാശയാണ് സഞ്ജു ആരാധകർക്ക് ഈ ടീം സെലക്ഷനിലൂടെ നേരിട്ടിട്ടുള്ളത്.

Rate this post