പാകിസ്താനെതിരെ തകർപ്പൻ ഇന്നിഗ്‌സുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma |World Cup 2023

ഇന്ത്യയുടെ പാക്കിസ്ഥാനെതിറായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ഇന്നിങ്സ് കാഴ്ചവച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 192 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച രോഹിത് ശർമ മത്സരത്തിൽ 63 പന്തുകളിൽ 86 റൺസ് ആണ് നേടിയത്. രോഹിത്തിന്റെ ഇന്നിംഗ്സിന്റെ മികവിൽ മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് അടുത്തിട്ടുണ്ട്.

മുഴുവൻ പാക്കിസ്ഥാൻ ബോളർമാരെയും പഞ്ഞിക്കിട്ടാണ് മത്സരത്തിൽ രോഹിത് മികവ് കാഴ്ചവച്ചത്. എന്നിരുന്നാലും മത്സരത്തിൽ രോഹിതിന് മറ്റൊരു സെഞ്ച്വറി നേടാൻ സാധിക്കാതെ പോയത് നിരാശയുണ്ടാക്കി.192 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ നൽകിയത്. മുൻപ് ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച ഷാഹിൻ അഫ്രീദിയെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി രോഹിത് ആരംഭിച്ചു.

പിന്നീട് പവർപ്ലേ ഓവറുകളിൽ രോഹിത്തിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ലഭിച്ച അവസരങ്ങളിലൊക്കെ പന്ത് ബൗണ്ടറി കടത്താൻ രോഹിത് മടി കാണിച്ചില്ല. ഒപ്പം പടുകൂറ്റൻ സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മറുവശത്ത് ശുഭ്മാൻ ഗിൽ(16) കൂടാരം കയറിയപ്പോഴും തെല്ലും മടിക്കാതെ രോഹിത് ബാറ്റ് വീശി. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായും രോഹിത് മാറി.

36 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ്മ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. അതിനുശേഷവും രോഹിത് അടിച്ചു തകർത്തു. എന്നാൽ വിരാട് കോഹ്ലി പുറത്തായ ശേഷം രോഹിത് ഒന്ന് പതുങ്ങുകയുണ്ടായി. ടീമിനായി മെല്ലെ പോവുക എന്ന് തന്ത്രമായിരുന്നു രോഹിത് ഈ സമയത്ത് ഉപയോഗിച്ചത്. പക്ഷേ ഒരു വശത്ത് ശ്രേയസ് അയ്യർ ക്രീസിലുറച്ചു എന്ന് ഉറപ്പായതോടെ രോഹിത് വീണ്ടും ആക്രമണം അഴിച്ചു വിടുകയായിരുന്നു.

മത്സരത്തിൽ 63 പന്തുകളിൽ നിന്ന് 86 റൺസ് ആണ് രോഹിത് ശർമ നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ടീമിനെതിരെ ഒരു തകർപ്പൻ ഇന്നിങ്സ് രോഹിത് കാഴ്ച വച്ചിരുന്നു. മത്സരത്തിൽ 78 പന്തുകളിൽ 122 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം

Rate this post