ആ ഒരു കോൾ വന്നാൽ, ഞാൻ വീണ്ടും ഇന്ത്യൻ ടീമിനായി കളിക്കാൻ തയ്യാറാണ് -ചേതേശ്വർ പൂജാര | Cheteshwar Pujara

ചേതേശ്വർ പൂജാര കുറച്ചുനാളായി ഇന്ത്യൻ ടെസ്റ്റ് ജേഴ്‌സി ധരിച്ചിട്ടില്ല, പക്ഷേ ഇപ്പോഴും ആ സ്വപ്നം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ വലിയ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറിയതോടെ, പൂജാരയ്ക്ക് വീണ്ടും വാതിൽ തുറക്കപ്പെടുമെന്ന് പലരും കരുതി.പൂജാര 2010 ൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചു , ഇതുവരെ 103 മത്സരങ്ങൾ കളിച്ചു, 19 സെഞ്ച്വറിയും 35 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 7195 റൺസ് നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിരവധി വർഷത്തെ പരിചയസമ്പത്തുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല.37 വയസ്സ് തികഞ്ഞതിനാലും ടെസ്റ്റ് ക്രിക്കറ്റ് കരിയർ അവസാനിച്ചതിനാലും, പ്രത്യേകിച്ച് 2023 ന് ശേഷം അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്ന് പലരും പറയുന്നു. പക്ഷേ ഇന്നും തന്റെ പരിശ്രമം ഉപേക്ഷിക്കാതെ നിരന്തരം പരിശീലനം നടത്തുന്ന പൂജാര, ഇന്ത്യൻ ടീമിൽ നിന്ന് എനിക്ക് എപ്പോൾ വിളി വന്നാലും കളിക്കാൻ തയ്യാറാണ്. അതിനുള്ള എല്ലാ യോഗ്യതകളും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇതുവരെ എന്നെ വിളിച്ചിട്ടില്ല. അവർ വീണ്ടും വിളിക്കുമെന്ന് ഒരു ഉറപ്പുമില്ല. എന്നാൽ അതേ സമയം, മാനേജ്‌മെന്റിൽ നിന്നും ഗംഭീറിൽ നിന്നും എനിക്ക് ഒരു കോൾ ലഭിക്കുകയാണെങ്കിൽ, ഞാൻ തീർച്ചയായും അവരുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ ടീമിനായി വീണ്ടും കളിക്കാൻ തയ്യാറാകും” പൂജാര പറഞ്ഞു.

“ഇപ്പോൾ ഞാൻ ശാരീരികമായും മാനസികമായും ഉന്മേഷവാനാണ്. അതുമാത്രമല്ല, ഞാൻ എന്റെ ബാറ്റിംഗ് പരിശീലനവും തുടരുകയാണ്. അതുകൊണ്ട്, എനിക്ക് എപ്പോൾ ഒരു കോൾ ലഭിക്കുമോ അപ്പോഴെല്ലാം ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ഞാൻ തയ്യാറെടുക്കുകയാണ്.ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ എന്റെ കരിയർ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിട്ട് തുടർച്ചയായി പരിശീലനം നടത്തുകയാണെന്ന്” പൂജാര പറഞ്ഞു.

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലായിരുന്നു പൂജാര അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. അതിനുശേഷം, ടീം യുവതാരങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. ഉദാഹരണത്തിന് ശുഭ്മാൻ ഗിൽ ഇപ്പോൾ മൂന്നാം സ്ഥാനം ഏറ്റെടുത്തു.