‘പാകിസ്ഥാന്‍ സിന്ദാബാദ്’ ഇവിടെ വേണ്ട! ‘ പാക് ആരാധകനെതിരെ പോലീസ് |World Cup 2023

വീണ്ടും ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ വിവാദം. പാക്കിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിവാദമായിരിക്കുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടന്നത്.

നിർണായക മത്സരമായതിനാൽ തന്നെ ഒരുപാട് ആരാധകർ മത്സരം കാണാൻ ഒത്തുകൂടിയിരുന്നു. ഇതിൽ ഓസ്ട്രേലിയയുടെയും പാകിസ്താന്റെയും ആരാധകരായിരുന്നു കൂടുതലും. എന്നാൽ മത്സരത്തിനിടയിൽ നടന്ന അപലപനീയമായ ഒരു രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.മത്സരത്തിനിടെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ച ഒരു ആരാധകനെ പോലീസ് ഉദ്യോഗസ്ഥൻ വിലക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഗ്യാലറിയിലിരുന്ന് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കരുതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. മാത്രമല്ല ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചോളുവെന്നും ആ ഉദ്യോഗസ്ഥൻ പറയുന്നതായി വീഡിയോയിൽ കാണാം. ഇത് ആരാധകൻ ചോദ്യം ചെയ്യുകയുമുണ്ടായി. പാക്കിസ്ഥാന്റെ മത്സരങ്ങളിൽ പാക്കിസ്ഥാന് പിന്തുണയുമായി എത്തുന്ന തങ്ങൾ വേറെ എന്താണ് വിളിക്കേണ്ടത് എന്ന് ആരാധകൻ പോലീസിനോട് ചോദിച്ചു. സംഭവം നടന്ന് നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വലിയ വിവാദമായിട്ടുണ്ട്.

മുൻപ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിലും ഒരുപാട് വിവാദങ്ങൾ നിറഞ്ഞിരുന്നു. ഇന്ത്യൻ ആരാധകർ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാനെ ജയ് ശ്രീരാം വിളിച്ച് ആക്ഷേപിച്ചതിനെതിരെയാണ് വലിയ രീതിയിൽ വിവാദങ്ങൾ ഉണ്ടായത്. ഇതിനെതിരെ പാകിസ്ഥാൻ ഐസിസിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ മൈതാനങ്ങളിൽ തങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല എന്ന് പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ മുൻപ് പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ വലിയ വിവാദം ഉണ്ടായിരിക്കുന്നത്. നിർണായകമായ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ വിജയം നേടിയിരുന്നു.