ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് പരാജയപെട്ട് പോർച്ചുഗൽ | Cristiano Ronaldo

ലുബ്ലിയാനയിൽ നടന്ന യൂറോ 2024 സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങി പോർച്ചുഗൽ.സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിൻ്റെ വരവിനു ശേഷമുള്ള ആദ്യ തോൽവി കൂടിയായിരുന്നു ഇത് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും പോർച്ചുഗലിന് വിജയം നേടാൻ സാധിച്ചില്ല.

വ്യാഴാഴ്ച ഗ്വിമാരേസിൽ സ്വീഡനെതിരായ 5-2 വിജയത്തിന് ശേഷം പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അതിൻ്റെ ലൈനപ്പിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പ്ലേമേക്കർമാരായ ബ്രൂണോ ഫെർണാണ്ടസിൻ്റെയും ബെർണാഡോ സിൽവയുടെയും അഭാവം തിരിച്ചടിയായി മാറി.യൂറോയ്ക്ക് യോഗ്യത നേടിയ സ്ലൊവേനിയ 72-ാം മിനിറ്റിൽ ആദം ഗ്നെസ്ഡ സെറിനിലൂടെ സ്കോറിംഗ് തുറന്നപ്പോൾ എട്ട് മിനിറ്റിനുള്ളിൽ ടിമി എൽസ്‌നിക് നേട്ടം ഇരട്ടിയാക്കി.10 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളുടെ യുറോക്ക് യോഗ്യത നേടിയ പോർച്ചുഗൽ, ജൂണിൽ ഫിൻലാൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ക്രൊയേഷ്യ എന്നിവയ്‌ക്കെതിരായ കൂടുതൽ സൗഹൃദ മത്സരങ്ങളിലൂടെ യൂറോ 2024 തയ്യാറെടുപ്പുകൾ മികച്ചതാക്കും.

ജർമ്മനിയിലെത്തുമ്പോൾ തുർക്കി, ചെക്ക് റിപ്പബ്ലിക്, ജോർജിയ എന്നിവർക്കൊപ്പം ഒരു ഗ്രൂപ്പിൽ കളിക്കും.പ്ലേ ഓഫിൽ ഗ്രീസിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ജോർജിയ യോഗ്യത നേടി. ഇംഗ്ലണ്ട്, ഡെന്മാർക്ക്, സെർബിയ എന്നീ ടീമുകളുടെ അതേ ഗ്രൂപ്പിലാണ് സ്ലോവേനിയയും ഇടംപിടിച്ചത്.

ഈ വർഷമാദ്യം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാരായ ഐവറി കോസ്റ്റ് സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വേയെ പരാജയപ്പെടുത്തി.ലെൻസിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഐവറി കോസ്റ്റ് നേടിയത്. മത്സരത്തിന്റെ നാപ്പോളി ഡിഫൻഡർ മത്യാസ് ഒലിവേര സെൽഫ് ഗോൾ നേടിയപ്പോൾ ഐവറി കോസ്റ്റ് 1-0ന് മുന്നിലെത്തി.77 ആം മിനുട്ടിൽ ഫോർവേഡ് ഫെഡറിക്കോ വിനാസ് നേടിയ ഗോളിലൂടെ ഉറുഗ്വേ സമനില പിടിച്ചു. എന്നാൽ 84 ആം മിനുട്ടിൽ 21 കാരനായ ഗ്വെല ഡൗ സൈമൺ ആഡിൻഗ്രയുടെ അസിസ്റ്റിൽ നിന്ന് ഐവറി കോസ്റ്റിന്റെ വിജയ ഗോൾ നേടി.

സൗഹൃദ ടൂർണമെൻ്റിൽ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈജിപ്തിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ആറാം മിനുട്ടിൽ ഡിഫൻഡർ റാമി റാബിയയുടെ ഗോളിലൂടെ ഈജിപ്ത് ലീഡ് നേടി. എന്നാൽ ശക്തമായി തിരിച്ചുവന്ന ക്രോയേഷ്യ നിക്കോള വ്ലാസിച്, ബ്രൂണോ പെറ്റ്‌കോവിച്ച്, ആന്ദ്രെ ക്രാമാരിച്ച്, ലോവ്‌റോ മജർ എന്നിവരുടെ ഗോളിൽ വിജയം നേടി. ഡിഫൻഡർ മുഹമ്മദ് അബ്ദുൽ മോനിമിലൂടെ സ്റ്റോപ്പേജ് ടൈമിൽ ഈജിപ്ത് ഒരു ഗോൾ കൂടി മടക്കി. നൗ ടീമുകളുടെ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ക്രോയേഷ്യ ടുണീഷ്യയെ പെനാൽറ്റിയിൽ തോൽപിചിരുന്നു.ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ 1-0ന് ഈജിപ്ത് പരാജയപ്പെടുത്തിയിരുന്നു.

5/5 - (1 vote)