അഭിമാന നിമിഷം !! ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഡിമിട്രിയോസ് ഡയമൻ്റകോസ് | Kerala Blasters | Dimitrios Diamantakos

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ 3-1ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ കപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സമാപനമായി. ടൂർണമെൻ്റിന് ഉജ്ജ്വലമായ ഗോളുകൾ ഉണ്ടായിരുന്നു.അത് കഴിഞ്ഞ ഒമ്പത് സീസണുകളെപ്പോലെ ലീഗിനെ ആവേശകരമാക്കി.

ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ഐഎസ്എല്‍ പത്താം സീസണിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായത്. സീസണില്‍ 13 ഗോളുകളുമായാണ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഒഡിഷയുടെ റോയ് കൃഷ്ണ 13 ഗോളുമായി ഉണ്ടായെങ്കിലും കുറഞ്ഞ മത്സരത്തിന്റെ അടിസ്ഥാനത്തിൽ ഗോൾഡൻ ബൂട്ട് ദിമിക്ക് സ്വന്തമാകുകയായിരുന്നു. ദിമിയുടെ അഭാവത്തിൽ ടീം സഹതാരം പ്രീതം കോടാൽ അവാർഡ് ഏറ്റുവാങ്ങി.

25 മത്സരങ്ങളില്‍ നിന്നാണ് റോയ് കൃഷ്ണ 13 ഗോള്‍ നേടിയത്. 22 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളടിച്ച ജേസണ്‍ കമ്മിങ്‌സാണ് മൂന്നാമത്.മോഹൻ ബഗാൻ സൂപ്പർ ജയൻ്റിൻ്റെ ഫോർവേഡ് ദിമിത്രി പെട്രാറ്റോസ് പത്താം ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് നേടി.സീസണിൽ ഓസ്‌ട്രേലിയൻ ഫോർവേഡ് 10 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി.

ഗോൾഡൻ ഗ്ലൗവ് മുംബൈ സിറ്റി എഫ്‌സിയുടെ സിക്കിമീസ് ഗോൾ കീപ്പർ ഫുർബ ലചെൻപ നേടി.മോഹൻ ബഗാൻ്റെ ഗോൾ കീപ്പർ വിശാൽ കൈത്, ഒഡീഷ എഫ്‌സിയുടെ അമരീന്ദർ സിംഗ് എന്നിവർക്കും ഒമ്പത് ക്ലീൻ ഷീറ്റുകൾ ഉണ്ട്, എന്നാൽ കുറഞ്ഞ മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ചതിനാണ് ലചെൻപ പുരസ്‌കാരം നേടിയത്.

Rate this post