‘ഐപിഎല്ലിൽ 300 റൺസ് നേടിയാലും അത്ഭുതപ്പെടാനില്ല’: ദിനേശ് കാർത്തിക് | IPL2024

കഴിഞ്ഞ 17 വർഷമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാവുന്ന മാറ്റം നോക്കുമ്പോൾ അധികം വൈകാതെ തന്നെ ഐപിഎല്ലിൽ 300 റൺസ് നേടുമെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ 287/3 ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് 300 എന്ന സ്‌കോർ നേടിയത്.കഴിഞ്ഞ വർഷം ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരെ നേപ്പാൾ മൂന്നിന് 314 റൺസെടുത്തിരുന്നു.

“ഐപിഎല്ലിൽ വലിയ ടോട്ടലുകൾ ഉണ്ടാവുകയാണ്. സീസണിൽ ഇതുവരെ 30 മത്സരങ്ങൾ പിന്നിട്ടു. ലോകത്ത് ഏതൊരു ടൂർണമെന്റിലും ഉണ്ടാകുന്ന വലിയ സ്കോർ ഐപിഎല്ലിലാണ് സംഭവിക്കുന്നത്. ബൗണ്ടറികളുടെ എണ്ണം ഒരുപാട് വർദ്ധിച്ചിരിക്കുന്നു. ഈ സീസണിൽ ഒരു ടീം 300 റൺസ് പിന്നിട്ടാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല “ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആർസിബിയുടെ പോരാട്ടത്തിന് മുന്നോടിയായി കാർത്തിക് പറഞ്ഞു.

ടീമുകളുടെ ബാറ്റിംഗിനെ ശക്തിപ്പെടുത്തിയത് ഇംപാക്റ്റ് പ്ലെയർ റൂളാണെന്നും കാർത്തിക് പറഞ്ഞു.ഏഴ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ആർസിബിയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഇല്ലാതായിരിക്കുകയാണ്.അവർക്ക് ആദ്യ നാലിൽ ഇടം പിടിക്കാൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണം.”പുതിയ ഒരുപാട് താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്. അവർക്ക് നൂതനമായ ഷോട്ടുകൾ അടിച്ചെടുക്കാൻ സാധിക്കുന്നു. ഒരു ബാറ്റർ ഫോമിലായാൽ ആർക്കും തടയാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നു” കാർത്തിക് പറഞ്ഞു.

ഐ.പി.എല്ലിലെ മിന്നുംപ്രകടനം കണ്ട് കാർത്തികിനെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയുമായി ആരാധകർ രംഗത്തുവന്നിരുന്നു. സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ റൺവേട്ടക്കാരിൽ വിരാട് കോഹ്ലിക്കും (361) നായകൻ ഫാഫ് ഡുപ്ലെസിക്കും (232) പിന്നിൽ മൂന്നാമതാണ് കാർത്തിക് (226). 200നു മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ഇപ്പോഴിതാ താരം തന്നെ ജൂണിൽ യു.എസിലും വെസ്റ്റീൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ്. ഇന്ത്യക്കായി കളിക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് താരം വ്യക്തമാക്കി.

Rate this post