‘എംഎസ് ധോണി നമ്പർ 1, ദിനേശ് കാർത്തിക് നമ്പർ 2 ‘: ഡെത്ത് ഓവറിലെ ഏറ്റവും അപകടകാരിയായ രണ്ട് ബാറ്റർമാരുടെ പേര് പറഞ്ഞ് മുൻ ഇന്ത്യൻ താരം | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ന് ശേഷം വിരമിക്കാൻ സാധ്യതയുള്ള ദിനേശ് കാർത്തിക് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന് വേണ്ടി ബാറ്റ് കൊണ്ട് സ്വപ്‌നതുല്യമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പതിനേഴാം സീസണിൽ ഒരു മത്സരം മാത്രമാണ് ആർസിബി ജയിച്ചതെങ്കിലും കാർത്തിക് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഉയർന്ന സ്‌കോറിങ് ഗെയിമിൽ 35 പന്തിൽ 7 സിക്‌സറുകളും 5 ബൗണ്ടറികളും സഹിതം 83 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.288 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്സിബിക്ക് വേണ്ടി ഫാഫ് ഡു പ്ലെസിസും (62) വിരാട് കോഹ്‌ലിയും (42) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അവരുടെ വിടവാങ്ങൽ കൂടുതൽ വിക്കറ്റുകൾ വീഴാൻ കാരണമായി, കാർത്തിക് ക്രീസിലെത്തിയപ്പോഴേക്കും ബെംഗളൂരുവിന്റെ വിജയ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. കാർത്തിക് പൊരുതിയെങ്കിലും ബംഗളുരു 262/7 എന്ന നിലയിൽ കളി അവസാനിപ്പിച്ചു.

മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു തൻ്റെ അടുത്ത സുഹൃത്തായ ഡികെ എസ്ആർഎച്ചിനെതിരെ ബാറ്റ് ചെയ്ത രീതിയിൽ സന്തോഷം പ്രകടിപ്പിച്ചു.ലോവർ ഓർഡറിൽ എംഎസ് ധോണിക്ക് ശേഷം ഏറ്റവും അപകടകാരിയായ രണ്ടാമത്തെ ബാറ്റർ എന്നാണ് അദ്ദേഹം ദിനേശ് കാർത്തികിനെ വിശേഷിപ്പിച്ചത്. ” ദിനേശ് കാർത്തിക് ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്, അത്കൊണ്ട് തന്നെ ക്രീസിൽ എത്തിയാൽ ഉടൻ തന്നെ ഷോട്ടുകൾ കളിച്ചു തുടങ്ങണം.ഡെത്ത് ഓവറിൽ എംഎസ് ധോണിക്ക് ശേഷം ഏറ്റവും അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഫോം അവർക്ക് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് ആണ്” അമ്പാട്ടി റായിഡു പറഞ്ഞു.

“വെസ്റ്റ് ഇൻഡീസിൻ്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെയും സ്ലോ ട്രാക്കുകളിൽ അദ്ദേഹത്തിൻ്റെ അനുഭവം ഉപയോഗപ്രദമാകുമെന്നതിനാൽ 2024 ലെ ഐസിസി ടി20 ലോകകപ്പിലേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന് ഞാൻ കരുതുന്നു,” അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.ഐപിഎല്ലിൻ്റെ ഈ സീസണിൽ കാർത്തിക് അവിശ്വസനീയമായ ഫോമിലാണ്, 7 മത്സരങ്ങളിൽ നിന്ന് 226 റൺസ് നേടി.38-കാരന് ഈ സീസണിൽ രണ്ടു അർദ്ധ സെഞ്ചുറികൾ നേടിയിട്ടുണ്ട്. 2024ലെ ഐപിഎൽ എഡിഷനാണ് തൻ്റെ അവസാനത്തേതെന്ന് കാർത്തിക് നേരത്തെ സൂചന നൽകിയിരുന്നു. ഐപിഎല്ലിനു ശേഷമായിരിക്കും തൻ്റെ രാജ്യാന്തര വിരമിക്കൽ തീരുമാനിക്കുക.

Rate this post