‘കുൽദീപ്- 5 അശ്വിൻ -4’ : സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട് , ആദ്യ ഇന്നിങ്സിൽ 218 ന് പുറത്ത് | ENG vs IND

ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 218 റൺസിന്‌ പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ജഡേജ സ്വന്തമാക്കി.79 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോർ. രണ്ടു വിക്കറ്റിന് 100 എന്ന നിലയിൽ ലഞ്ചിന്‌ ശേഷം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ സ്പിന്നർമാർ തകർത്ത് കളയുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. 18-ാം ഓവറില്‍ സ്കോര്‍ 64-ല്‍ നില്‍ക്കെയായിരുന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടത്. 58 പന്തില്‍ 27 റണ്‍സ് നേടിയ ബെൻ ഡക്കറ്റിനെ കുല്‍ദീപ് യാദവ് ശുഭ്‌മാൻ ഗില്ലിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. കുല്‍ദീപ് 24 പന്തില്‍ 11 റണ്‍സ് നേടിയ പോപ്പിനെയും പുറത്താക്കി.

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റും നഷ്‌ടപ്പെട്ടതിന് പിന്നാലെ മത്സരം ലഞ്ചിന് പിരിയുകയായിരുന്നു.ഉച്ച ഭക്ഷണ ശേഷം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ 137ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്ത സാക് ക്രൗളിയെ നഷ്ടമായി. താരത്തേയും കുല്‍ദീപ് യാദവ് തന്നെ മടക്കി. 79 റണ്‍സില്‍ നില്‍ക്കെ ക്രൗളിയെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി.നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ജോ റൂട്ടും,ജോണി ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ട് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. സ്കോർ 175 ൽ നിൽക്കെ 29 റൺസ് നേടിയ ജോണി ബെയര്‍സ്‌റ്റോയെ ഇംഗ്ലണ്ടിന് നഷ്ടമായി.കുൽദീപിന്റെ പന്തിൽ ധ്രുവ് ജുറൽ പിടിച്ച് പുറത്തായി.

അടുത്ത ഓവറിൽ 26 റൺസ് നേടിയ റൂട്ടിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കുൽദീപ് യാദവ് പൂജ്യത്തിന് പുറത്താക്കി. 175 ൽ നിൽക്കെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി. സ്കോർ 183 ൽ നിലക്കെ 6 റൺസ് നേടിയ ടോം ഹാര്ട്ടലിയെ അശ്വിൻ പുറത്താക്കി. ആ ഓവറിൽ തന്നെ പൂജ്യത്തിന് മാർക്ക് വുഡിനെയും അശ്വിൻ മടക്കിയതോടെ ഇംഗ്ലണ്ട് 183 ന് 8 എന്ന നിലയിലായി.ചായക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ് (42 പന്തില്‍ 24) അശ്വിന്‍റെ പന്തില്‍ ബൗള്‍ഡായി. ഒരു പന്തിന്‍റെ ഇടവേളയില്‍ ജിമ്മി ആന്‍ഡേഴ്‌സനെ (3 പന്തില്‍ 3) ദേവ്‌ദത്ത് പടിക്കലിന്‍റെ കൈകളില്‍ അശ്വിന്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

Rate this post