സിക്സുകളിൽ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ | Sanju Samson
ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ ഈ നേട്ടം സ്വന്തമാക്കിയത്.തൻ്റെ 165-ാം ഇന്നിംഗ്സിൽ 200-ാം സിക്സ് നേടിയ എംഎസ് ധോണിയെ മറികടന്ന് 159-ാം ഇന്നിംഗ്സിലാണ് സഞ്ജു നേട്ടം കൈവരിച്ചത്.
വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്ന എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ 200-ഓ അതിലധികമോ സിക്സറുകൾ നേടുന്ന പത്താമത്തെ ബാറ്ററായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാർണർ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ എന്നിവരാണ് മറ്റുള്ളവർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽസിനായി മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്.
ഒരു ബാറ്റർ എന്ന നിലയിലും നായകനെന്ന നിലയിലും അദ്ദേഹം മികവ് പുലർത്തുന്നുണ്ട്.ആർസിബിയുടെ വിരാട് കോഹ്ലിക്കും സിഎസ്കെയുടെ റുതുരാജ് ഗെയ്ക്വാദിനും ശേഷം ഐപിഎൽ 2024 ലെ ഏറ്റവും കൂടുതൽ റൺസ് സ്കോറർമാരുടെ പട്ടികയിൽ നിലവിൽ മൂന്നാമതാണ്. ക്യാപിറ്റലിനെതിരെ സാംസൺ 28 പന്തിൽ അർദ്ധ സെഞ്ചുറിയിലേക്ക് കുത്തിക്കുകയും ചെയ്തു. മത്സരത്തിൽ 46 പന്തിൽ നിന്നും 86 റൺസ് നേടിയെങ്കിലും റോയൽസിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ഏറ്റവും വേഗത്തിൽ 200 ഐപിഎൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങൾ :-
സഞ്ജു സാംസൺ – 159
എംഎസ് ധോണി – 165
വിരാട് കോലി – 180
രോഹിത് ശർമ്മ – 185
സുരേഷ് റെയ്ന – 193