മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; അഞ്ച് വിക്കറ്റ് നഷ്ടം ,ജയ്‌സ്വാളിന് അർദ്ധ സെഞ്ച്വറി | India | Australia

മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്.310 റൺസ് പിറകിലാണ് ഇന്ത്യ . രോഹിത് ശർമ്മ , രാഹുൽ ,ജയ്‌സ്വാൾ ,കോലി, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 118 പന്തിൽ നിന്നും 11 ഫോറും ഒരു സിക്‌സും അടക്കം 82 റൺസ് നേടി.അവസാന സെഷനിൽ കോലിയെയും ജയ്‌സ്വാളിനെയും നഷ്ടപെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.രണ്ടാം കളി അവസാനിക്കുമ്പോൾ പന്തും ജഡേജയുമാണ് ക്രീസിൽ.

ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മെല്‍ബണില്‍ കണ്ടത്. രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച രോഹിത് ബോളണ്ടിന് ക്യാച്ച് നൽകി പുറത്തായി.5 പന്തിൽ നിന്നും 3 റൺസ് മാത്രമാണ് രോഹിതിന് നേടാൻ സാധിച്ചത്.ടെസ്റ്റ് ക്രിക്കറ്റിൽ കമ്മിൻസിനെതിരായ രോഹിതിൻ്റെ പുറത്താകൽ തുടർച്ചയായി മാറിയിരിക്കുന്നു.

ഓസ്‌ട്രേലിയൻ പേസറിനെതിരെ 13 ഇന്നിംഗ്‌സുകളിൽ നിന്ന് 199 പന്തുകൾ നേരിട്ട രോഹിതിന് ഏഴ് തവണ പുറത്താകുമ്പോൾ 127 റൺസ് മാത്രമാണ് നേടാനായത്.പിന്നീട് രാഹുല്‍ – ജയ്‌സ്വാള്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടാം സെഷനിലെ അവസാന പന്തില്‍ രാഹുല്‍ പുറത്തായി . 24 റൺസ് നേടിയ രാഹുലിനെ കമ്മിൻസ് ബൗൾഡ് ചെയ്തു. ചായക്ക് ശേഷം ജൈസ്വാളും കോലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഇന്ത്യൻ സ്കോർ 100 കടത്തുകയും ചെയ്തു.

അതിനിടയിൽ ജയ്‌സ്വാൾ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.കോലിയും ടച് കണ്ടെത്തിയതോടെ ഇന്ത്യ അനായാസം റൺസ് കണ്ടെത്തി. ജയ്‌സ്വാൾ കൂടുതൽ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യൻ സ്കോർ 150 കടക്കുകയും ചെയ്തു. സ്കോർ 153 ആയപ്പോൾ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 82 റൺസ് നേടിയ ജയ്‌സ്വാൾ റൺ ഔട്ടായി. 118 പന്തിൽ നിന്നും 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്സ്. പിന്നാലെ വിരാട് കോലിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 36 റൺസ് നേടിയ കോലിയെ സ്കോട്ട് ബോലാൻഡ് പുറത്താക്കി.അവസാന സെഷനിൽ രണ്ടു വിക്കറ്റുകൾ വീണത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. സ്കോർ 159 ആയപ്പോൾ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനെയും ഇന്ത്യക്ക് നഷ്ടമായി.

മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 474 റൺസിൽ അവസാനിച്ചു.സ്റ്റീവ് സ്മിത്തിന്റെ മിന്നുന്ന സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ നൽകിയത്.197 പന്തിൽ നിന്നും 13 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 140 റൺസാണ് സ്മിത്ത് നേടിയത്. ക്യാപ്റ്റൻ കമ്മിൻസ് 49 റൺസുമായി സ്മിത്തിന് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി ബുംറ നാലും ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റും വീഴ്ത്തി.സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72),എന്നിവർ ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.

Rate this post