‘രോഹിത് ശർമ്മയ്ക്ക് 40-45 സെഞ്ച്വറി നേടാമായിരുന്നു പക്ഷേ…’: നിസ്വാർത്ഥനായ ഇന്ത്യൻ ക്യാപ്റ്റനെ പ്രശംസിച്ച് ഗൗതം ഗംഭീർ |World Cup 2023
നിലവിൽ 2023 ഏകദിന ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. മറ്റു മുൻനിര ബാറ്റർമാർ ചെറിയ സ്കോറിന് കൂടാരം കയറിയ സാഹചര്യത്തിൽ ഇന്ത്യയുടെ രക്ഷകനായി രോഹിത് അവതരിക്കുകയായിരുന്നു.
മത്സരത്തിൽ 87 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ശേഷം രോഹിത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സംസാരിക്കുകയുണ്ടായി. നിസ്വാർത്ഥനായ ഒരു നായകന് മാത്രമേ ഇത്തരത്തിൽ മികച്ച ഇന്നിങ്സുകൾ കാഴ്ചവയ്ക്കാൻ സാധിക്കൂ എന്നാണ് ഗൗതം ഗംഭീർ കമന്ററി ബോക്സിൽ പറഞ്ഞത്. എന്നാൽ ഗംഭീറിന്റെ ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോഹ്ലി ആരാധകർ.
Gautam Gambhir said, "Rohit Sharma would've got 40-45 hundreds by now, but he's not obsessed with hundreds. He's selfless". (Star Sports). pic.twitter.com/TmO1qF8WYO
— Mufaddal Vohra (@mufaddal_vohra) October 29, 2023
രോഹിത്തിനെ പുകഴ്ത്തിക്കൊണ്ട് കോഹ്ലിയെ ഇകഴ്ത്താനാണ് ഗൗതം ഗംഭീർ ശ്രമിച്ചത് എന്ന് കോഹ്ലി ആരാധകർ പറയുന്നു. കോഹ്ലിയ്ക്കെതിരായ ഒളിയമ്പാണ് ഇതെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. “ഒരുപക്ഷേ രോഹിത് ശർമയ്ക്ക് 40-45 സെഞ്ച്വറികൾ നേടാൻ സാധിച്ചേനെ. പക്ഷേ അദ്ദേഹം കളിക്കുന്നത് സെഞ്ചുറികൾ നേടാനായല്ല. നിസ്വാർത്ഥനായ ഒരു നായകന് മാത്രമേ തന്റെ പ്രകടനത്തിലുപരി തന്റെ ടീമിന് പ്രാധാന്യം നൽകാൻ സാധിക്കൂ. തങ്ങളുടെ ടീമിൽ പോസിറ്റീവ് ബാറ്റിംഗ് മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കണമെങ്കിൽ നായകൻ മുന്നിൽ നിന്ന് നയിക്കേണ്ടതുണ്ട്. ഇതിനെയാണ് മുന്നിൽ നിന്ന് നയിക്കുക എന്ന് പറയുന്നത്.”- ഗംഭീർ പറഞ്ഞു.
Gautam Gambhir said, "there is a difference between a captain and a leader. India have seen many captains, but Rohit Sharma is a leader, because he's selfless". (Star). pic.twitter.com/AuDH91nSMN
— Mufaddal Vohra (@mufaddal_vohra) October 29, 2023
“ഒരു പിആർ വർക്കിനോ മാർക്കറ്റിംഗ് തന്ത്രങ്ങൾക്കോ ഇത് ചെയ്യാൻ സാധിക്കില്ല. ഒരു നായകൻ തന്നെ ഇക്കാര്യം ചെയ്യേണ്ടതുണ്ട്. അതാണ് ഈ ലോകകപ്പിൽ രോഹിത് ശർമ ചെയ്യുന്നത്. ഒരുപക്ഷേ അയാളുടെ ബാറ്റിംഗ് ശരാശരി അയാളെ മുകളിലുള്ള അഞ്ചോ പത്തോ സ്ഥാനങ്ങളിൽ എത്തിക്കില്ലായിരിക്കും. പക്ഷേ അതിന് പ്രാധാന്യമില്ല. നവംബർ 19ന് ലോകകപ്പിന്റെ കിരീടം ഉയർത്തണമെങ്കിൽ രോഹിത്തിന്റെ ലക്ഷ്യം അത് മാത്രമായിരിക്കണം. മത്സരങ്ങളിൽ സെഞ്ച്വറി നേടണമോ അതോ ലോകകപ്പിന്റെ കിരീടം ഉയർത്തണമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുകയുണ്ടായി. ഗംഭീറിന്റെ ഈ പരാമർശങ്ങളാണ് കോഹ്ലി ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഗംഭീറിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് കോഹ്ലിയുടെ ആരാധകർ നടത്തിയിട്ടുള്ളത്.