‘ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തരുത്’ : മുന്നറിയിപ്പുമായി ഗൗതം ഗംഭീർ|Suryakumar Yadav

ഇന്ത്യയുടെ ലോകകപ്പിനുള്ള ആദ്യ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും സൂര്യകുമാറിനെ ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നത് ഇന്ത്യയ്ക്ക് വലിയ തലവേദന ഉണ്ടാക്കും എന്നാണ് ഗൗതം ഗംഭീർ പറയുന്നത്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ 37 പന്തുകളിൽ 72 റൺസെടുത്ത് സൂര്യകുമാർ യാദവ് പുറത്താവാതെ നിന്നിരുന്നു. ഇതിന് ശേഷമാണ് ഗൗതം ഗംഭീറിന്റെ ഈ ഞെട്ടിക്കുന്ന പ്രതികരണം എത്തിയിരിക്കുന്നത്.ലോകകപ്പിനുള്ള ടീം എന്ന നിലയിൽ ഇന്ത്യ നിരന്തരം ഇങ്ങനെ മാറ്റങ്ങൾ വരുത്തുന്നത് വലിയ പോരായ്മയുണ്ടാകും എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. “ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിന് പോകുമ്പോൾ നമുക്ക് നിശ്ചയമായും ഫിക്സ് ചെയ്ത ഒരു ഇലവൻ ആവശ്യമാണ്. ആ ടീമിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.

2011 ലോകകപ്പ് സമയത്ത് നമ്മൾ ഇത്തരത്തിൽ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. യൂസഫ് പത്താൻ അന്ന് തുടക്കത്തിൽ 5- 6 മത്സരങ്ങൾ കളിച്ചിരുന്നു. അതിന് ശേഷമാണ് നമ്മൾ സുരേഷ് റെയ്നയെ ഫിനിഷറായി ഇറക്കിയത്. നിലവിൽ സൂര്യകുമാർ യാദവിനെ നമ്മൾ ലോകകപ്പിനുള്ള ആദ്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ തയ്യാറാവുകയാണെങ്കിൽ അയാൾ ബാറ്റ് ചെയ്യേണ്ടത് ആറോ ഏഴോ നമ്പറിലാവും. എന്നാൽ ഇങ്ങനെ സൂര്യ ബാറ്റിംഗിന് ഇറങ്ങിയാൽ അഞ്ചാം നമ്പറിൽ ആര് ബാറ്റ് ചെയ്യും എന്നത് വലിയ ചോദ്യമാണ്.”- ഗംഭീർ പറയുന്നു.

“അങ്ങനെയാണ് ഇന്ത്യൻ ടീം തിരഞ്ഞെടുക്കുന്നത് എങ്കിൽ, ജഡേജക്ക് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടിവരും. ഹർദിക് പാണ്ഡ്യ ആറാം നമ്പറിലും ഇറങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ സൂര്യകുമാറിന് ഫിനിഷറായി ഏഴാം നമ്പറിലെത്താം. മത്സരത്തിന്റെ അവസാനത്തെ 15- 20 ഓവറുകളിൽ ബാറ്റ് ചെയ്യാൻ സൂര്യയ്ക്ക് സാധിക്കും. പക്ഷേ ഈ ബാറ്റിംഗ് ക്രമം വലിയൊരു ചൂതാട്ടം തന്നെയാണ്. ജഡേജ അഞ്ചാം നമ്പറിലും, ഇപ്പോഴത്തെ ഫോം അനുസരിച്ച് സൂര്യ ഏഴാം നമ്പറിലും വരുന്നത് ഒരു വലിയ ചാൻസെടുടുക്കൽ ആണ്. ഇത്തരമൊരു കോമ്പിനേഷൻ ലോകകപ്പിൽ പരീക്ഷിക്കുകയാണെങ്കിൽ, ഇന്ത്യയുടെ മുൻനിരയിലുള്ള 4 താരങ്ങളും ഒരുപാട് ഉത്തരവാദിത്തം എടുക്കേണ്ടിവരും.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

4.3/5 - (15 votes)