‘സഞ്ജു ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നില്ലെങ്കിൽ നഷ്ടമുണ്ടാവുന്നത് അദ്ദേഹത്തിനല്ല ഇന്ത്യയ്ക്കാണ്’ : ഗൗതം ഗംഭീർ |Sanju Samson

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. സ്ക്വാഡിൽ കേവലം ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സഞ്ജുവിന് ഏഷ്യാകപ്പിൽ കളിക്കാൻ അവസരം ലഭിക്കാൻ സാധ്യതകൾ വളരെ കുറവാണ്.

കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ തിരിച്ചെത്തിയതോടുകൂടി സഞ്ജുവിന്റെ ടീമിലെ സ്ഥാനം പരുങ്ങലിൽ തന്നെയാണ്. ഇത് സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകളെയും ബാധിക്കും എന്നത് ഉറപ്പാണ്. കാരണം 15 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുക്കേണ്ടത്. നിലവിലെ ഏഷ്യാകപ്പ് ടീമിൽ നിന്ന് രണ്ടുപേരെ ഒഴിവാക്കിയാവും ഇന്ത്യ 15 അംഗ ടീമിനെ നിശ്ചയിക്കുക.

എന്നാൽ 55 റൺസിന് മുകളിൽ ഏകദിനങ്ങളിൽ ശരാശരിയുള്ള സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയത് പലർക്കും അത്ഭുതമാണ്. ഏകദിനങ്ങളിൽ സഞ്ജുവിനെക്കാൾ മോശം പ്രകടനം നടത്തിയ സൂര്യകുമാർ യാദവ് അടക്കമുള്ളവരെ ഇന്ത്യ ഏഷ്യാകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയും ഏഷ്യാകപ്പിനുണ്ട്. ഇതൊക്കെയാണ് സഞ്ജു ആരാധകരെ അങ്ങേയറ്റം ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനിടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സഞ്ജുവിനെ പറ്റി പറഞ്ഞ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായി കൊണ്ടിരിക്കുകയാണ്.

ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് സഞ്ജു തഴയപ്പെട്ടതിന് ശേഷമാണ് ഗംഭീറിന്റെ ഈ വീഡിയോ ശ്രദ്ധേകർഷിക്കപ്പെട്ടത്. വീഡിയോയിൽ ഗംഭീർ പറയുന്നത് ഇക്കാര്യമാണ്. ‘സഞ്ജു ഇന്ത്യയ്ക്കുവേണ്ടി മത്സരങ്ങളിൽ കളിക്കുന്നില്ലെങ്കിൽ നഷ്ടമുണ്ടാവുന്നത് സഞ്ജുവിനല്ല, മറിച്ച് ആ നഷ്ടം ഇന്ത്യയ്ക്കാണ്’- ഗംഭീറിന്റെ ഈ വാക്കുകൾ ഏറ്റെടുത്തുകൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഗംഭീറിന് മാത്രമാണ് സഞ്ജുവിന്റെ യഥാർത്ഥ പ്രതിഭയെ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് എന്നാണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ആയി ഇട്ടിരിക്കുന്നത്.

ഇത്തരം അഭിപ്രായങ്ങൾ നേരിട്ട് പ്രകടിപ്പിച്ചതിനാലാവാം ഗൗതം ഗംഭീർ ഇന്ത്യയുടെ സെലക്ടർ സ്ഥാനത്തേക്ക് എത്താത്തതെന്നും ആരാധകർ പറയുന്നു. ഗംഭീർ ഇന്ത്യയുടെ സെലക്ടറായി മാറിയാൽ സഞ്ജുവിന് കൂടുതൽ അവസരം നൽകുമെന്നും ചില ആരാധകർ പറയുകയുണ്ടായി. അജിത് അഗാർക്കർ മുംബൈക്കാരനായതിനാൽ കൂടുതൽ അവസരങ്ങൾ മുംബൈ താരങ്ങൾക്ക് നൽകുന്നുവെന്നും ചില ആരാധകർ കൂട്ടിച്ചേർത്തു. ആദ്യമായാണ് ഗംഭീർ ഇത്ര മികച്ച വാക്കുകൾ സംസാരിക്കുന്നത് എന്നും ഒരു ആരാധകൻ കമന്റായി സൂചിപ്പിച്ചു. എന്തായാലും ഗംഭീറിന്റെ ഈ വീഡിയോയിലെ കമന്റുകൾ സൂചിപ്പിക്കുന്നത് സഞ്ജു സാംസണിന് ഇന്ത്യയിലുള്ള ആരാധക പിന്തുണയാണ്. ഒപ്പം അർഹതപ്പെട്ട സ്ഥാനം സഞ്ജുവിനെ ലഭിക്കാത്തതിലുള്ള ആരാധകരുടെ അമർഷവും വ്യക്തമാണ്.

Rate this post