എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറി ഹാലൻഡ്

മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് എർലിംഗ് ഹാലൻഡ് പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർതാരം കൈലിയൻ എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.മുൻ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ഹാലൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടി നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

51 മില്യൺ പൗണ്ടിന്റെ കരാറിലാണ് പെപ് ഗ്വാർഡിയോളയുടെ മാൻ സിറ്റി ബുണ്ടസ്‌ലിഗ ക്ലബിൽ നിന്ന് ഹാലാൻഡിനെ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുഹമ്മദ് സലായുടെ 32 ഗോളുകളുടെ റെക്കോർഡും മാൻ സിറ്റി ഫോർവേഡ് തകർത്തിരുന്നു.ഹാലൻഡ് പ്രീമിയർ ലീഗിൽ ഒന്നിലധികം ഗോൾ സ്‌കോറിംഗ് റെക്കോർഡുകൾ തകർത്തു.ഇന്റർ മിലാനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഹാലാൻഡിന് ഗോൾ നേടാനായില്ലെങ്കിലും 52 ഗോളുകൾ നേടി അവിസ്മരണീയമായ ഒരു സീസൺ പൂർത്തിയാക്കി.

മാൻ സിറ്റിയുമായുള്ള ഒരു ബ്ലോക്ക്ബസ്റ്റർ സീസണിന് ശേഷം, ലോകത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി ഹാലാൻഡ് മാറിയിരിക്കുകയാണ്.ഫുട്ബോൾ ബിസിനസ് പോർട്ടൽ ഫുട്ബോൾ ബെഞ്ച്മാർക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ 194 മില്യൺ യൂറോയാണ് 22കാരനായ ഹാലൻഡിന്‍റെ വിപണി മൂല്യം. രണ്ടാമതുള്ള എംബാപ്പെക്ക് 182 മില്യൺ യൂറോയും. റയൽ മഡ്രിഡിന്‍റെ ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ 157 മില്യൺ യൂറോയുമായി മൂന്നാമതും ജൂഡ് ബെല്ലിങ്ഹാം 152 മില്യൺ യൂറോയുമായി നാലാമതുമാണ്. ജമാൽ മുസിയാല (149 ദശലക്ഷം യൂറോ), ഗവി (140 ദശലക്ഷം യൂറോ), ബുക്കയോ സാക്ക (136 ദശലക്ഷം യൂറോ), ഫിൽ ഫോഡൻ (131 ദശലക്ഷം യൂറോ), പെഡ്രി (129 ദശലക്ഷം യൂറോ), വിക്ടർ ഒസിംഹെൻ (118 ദശലക്ഷം യൂറോ) എന്നിവരും പട്ടികയിലുണ്ട്.

സ്വിസ് റിസർച്ച് ഗ്രൂപ്പായ CIES ഫുട്ബോൾ ഒബ്സർവേറ്ററിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ കളിക്കാരനായിരുന്നു എംബാപ്പെ.2022ൽ 205.6 ദശലക്ഷം യൂറോയുടെ കൈമാറ്റ മൂല്യവുമായി എംബാപ്പെ ഒന്നാം സ്ഥാനം നേടിയിരുന്നു.

Rate this post