വെടിക്കെട്ട് ബാറ്റിങ്ങുമായി ഹർദിക് പാണ്ട്യ : ബംഗ്ലാദശിനെതിരെ 196 റൺസ് അടിച്ചെടുത്ത് ഇന്ത്യ | T20 World Cup 2024
സൂപ്പർ ഏട്ടിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദശിനെതിരെ 196 റൺസ് അടിച്ചെടുത്ത് ഇന്ത്യ . നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 196 റൺസ് നേടിയത്. 50 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കോലി 37 റൺസ് , പന്ത് 36 റൺസ്, ദുബെ 36 റൺസ്എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് ജയിച്ച ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. അഫ്ഗാനിസ്ഥാനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങയത്.ഓപ്പണർമാരായ കോലിയും രോഹിതും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. സ്കോർ 39 ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.11 പന്തുകളിൽ 23 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണു പുറത്തായത്. മൂന്നു ഫോറുകളും ഒരു സിക്സും പറത്തി മികച്ച തുടക്കം ലഭിച്ചിട്ടും രോഹിത് പെട്ടെന്നു മടങ്ങുകയായിരുന്നു. സ്പിന്നർ ഷാക്കിബ് അൽ ഹസന്റെ പന്ത് നേരിടാനുള്ള രോഹിത് ശർമയുടെ ശ്രമം അലിയുടെ ക്യാച്ചിലാണു കലാശിച്ചത്.
പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.പിന്നാലെ നന്നായി തുടങ്ങിയ വിരാട് കോലിയും (37), പിന്നാലെ സൂര്യകുമാര്‍ യാദവും (6) തന്‍സിം ഹസന്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ വീണു. 24 പന്തില്‍ 36 റണ്‍സടിച്ച ഋഷഭ് പന്തിനും മികച്ച തുടക്കം മുതലാക്കാനായില്ല. പന്തിനെ റിഷാദ് ഹൊസൈൻ തൻസീം ഹസന്റെ കൈകളിലെത്തിച്ചു.12 ആം ഓവറിൽ സ്കോർ 108 ൽ നിൽക്കെയാണ് പന്തിനെ ഇന്ത്യക്ക് നഷ്ടമായത്.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ദുബെയും പാണ്ട്യയും ചേർന്ന് ഇന്ത്യൻ സ്കോർ ബോഡിൽ വേഗത്തിൽ റൺസ് ചേർത്തു. 17 ആം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു . ദുബെയുടെ ബാറ്റിൽ നിന്നും കൂറ്റൻ സിക്സുകൾ വന്നു കൊണ്ടിരുന്നു. എന്നാൽ സ്കോർ 161 ൽ നിൽക്കെ 24 പന്തിൽ നിന്നും 34 റൺസ് നേടിയ ദുബെ പുറത്തായി .നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 196 റൺസ് നേടിയത്.