‘എനിക്ക് ഒരു ക്യാപ്റ്റനാവാനല്ല താല്പര്യം, ഒരു ലീഡറാവാനാണ് ഇഷ്ടം’ : സൂര്യകുമാർ യാദവ് | Suryakumar Yadav

സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ലങ്ക രണ്ട് റണ്‍സിന് പുറത്തായി. ഇന്ത്യ ആദ്യ പന്തില്‍ ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ നല്ലൊരു ശതമാനവും ശ്രീലങ്ക വിജയം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ മത്സരം ഇന്ത്യയുടെ കൈ പിടിയിൽ ഒതുങ്ങുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന്റെ നിർണായകമായ പതിനേഴാം ഓവറും, റിങ്കൂ സിങ്ങിന്റെ 19ആം ഓവറും, നായകൻ സൂര്യകുമാർ യാദവിന്റെ അത്ഭുതകരമായ ഇരുപതാം ഓവറുമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.ബോൾ കൊണ്ട് എതിരാളികളെ വീഴ്ത്തിയാണ് ടീം ഇന്ത്യ ജയത്തിലേക് എത്തിയത്.

നായകൻ സൂര്യ തന്നെയുമാണ് പരമ്പരയുടെ താരം.പരമ്പര നേടി നായകൻ സൂര്യ കുമാർ യാദവ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. താൻ ഒരിക്കലും ക്യാപ്റ്റൻ ആയി വരാനല്ല മറിച്ചു ഈ ടീമിന്റെ ലീഡർ എന്നറിയപ്പെടാനാണ് ഇഷ്ടപെടുന്നതെന്നും സൂര്യ വിശദമാക്കി. തന്റെ സഹതാരങ്ങളുടെ കഴിവും ആത്മവിശ്വാസവും തനിക്ക് നായകസ്ഥാനം എളുപ്പമാക്കുന്നു. ഓരോ താരങ്ങളുടെയും ക്രിക്കറ്റിനോടുള്ള സമീപനം ഏറെ മികച്ചതാണ്. കഴിഞ്ഞ മത്സരങ്ങൾ കഴിഞ്ഞപ്പോൾ താൻ ചില താരങ്ങളോട് പറഞ്ഞു, അടുത്ത മത്സരത്തിൽ ചിലപ്പോൾ നിങ്ങൾ ടീമിന് പുറത്തിരിക്കേണ്ടി വരും.

അവർ അതിന് തയ്യാറായിരുന്നുവെന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും സൂര്യകുമാർ പറഞ്ഞു.ഞാൻ ഇത്തരത്തിലുള്ള ഗെയിമുകൾ ഏറെ കണ്ടിട്ടുണ്ട്. നിങ്ങൾ 200-220 ടോട്ടൽ നേടുന്നതും ഇത്തരം നേടുന്നതും ഗെയിമുകൾ വിജയിക്കുന്നതും ആസ്വദിക്കുകയാണെങ്കിൽ, നിങ്ങൾ 30/4, 70/5 എന്നിവയും ആസ്വദിക്കണം, കാരണം അത് നിങ്ങളുടെ ജീവിതത്തിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു, അങ്ങനെയാണ് നിങ്ങൾ മുന്നോട്ട് പോകുക, ക്യാപ്റ്റൻ സൂര്യ പറഞ്ഞു.

5/5 - (1 vote)