ഏഴു വിക്കറ്റിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സമനിലയിലാക്കി ഇന്ത്യ |SA vs IND

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കി ഇന്ത്യ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് ഇന്ത്യ നേടിയത്.23 പന്തില്‍ 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാൾ , 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 12 റണ്‍സുമായി വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്. 17 റൺസ് നേടിയ രോഹിതും 4 റൺസുമായി ശ്രേയസ് പുറത്താവാതെ നിന്നു .

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ തകർപ്പൻ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. ഡീൻ എൽ​ഗർ, ടോണി ഡി സോർസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു.രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്ര 11 റൺസ് നേടിയ ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. 9 റൺസ് നേടിയ കെയ്ൽ വെറിയെന്നെ ബുംറ തന്നെ പുറത്താക്കി.

യാൺസനെയും ,കേശവ് മഹാരാജിനെയും പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് പൂർത്തിയാക്കി. സൗത് ആഫ്രിക്ക 111 റൺസിന്‌ 7 എന്ന നിലയിൽ തകർന്നു. റബാഡയെ കൂട്ടുപിടിച്ച്‌ സൗത്ത് ആഫ്രിക്കൻ സ്കോർ ഉയർത്തിയ ഏയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി പൂർത്തിയാക്കി. എട്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.സ്കോർ 162 ൽ നിൽക്കെ 103 പന്തിൽ നിന്നും 17 ഫോറും 2 സിക്സുമടക്കം 106 റൺസ് നേടിയ മാര്‍ക്രത്തെ സിറാജ് പുറത്താക്കി.റബാഡയെ പ്രസീദ് കൃഷ്ണയും പുറത്താക്കി. എൻഗിഡിയെ ബുംറ പുറത്താക്കിയതോടെ സൗത്ത് ആഫ്രിക്ക 176 റൺസിന്‌ ഓൾ ഔട്ടായി.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 98 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും സ്കോർ ചെയ്യാതെ നഷ്ടപ്പെടുത്തി.

Rate this post