2023 ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യ ഫേവറിറ്റുകളാണ്, പക്ഷേ ….: കപിൽ ദേവ്

2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഫേവറിറ്റുകളായിട്ടാണ് ആതിഥേയരായ ഇന്ത്യൻ ടീം ഇറങ്ങുന്നത്. എന്നാൽ ട്രോഫി തിരിച്ചുപിടിക്കാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം പ്രതീക്ഷകൾ നിയന്ത്രിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞു. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കുന്ന ടൂർണമെന്റിൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ തങ്ങളുടെ ശേഖരത്തിലേക്ക് മറ്റൊരു കിരീടം ചേർക്കാൻ ശ്രമിക്കുകയാണ്.

“ഇത് എങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. അവർ ഇതുവരെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ എപ്പോഴും ടൂർണമെന്റിൽ ഫേവറിറ്റുകളായി പ്രവേശിക്കും” കപിൽ പറഞ്ഞു.”എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതീക്ഷകളുമായി ടീം എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് വളരെ പ്രധാനപെട്ടതാണ്. ഇന്ത്യ നാട്ടിൽ ഒരു ലോകകപ്പ് നേടിയിട്ടുണ്ട്, ആരു തിരഞ്ഞെടുക്കപ്പെട്ടാലും ടീമിന് അത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.നാല് വർഷത്തിന് ശേഷം ഒരു ലോകകപ്പ് വരാനിരിക്കുകയാണ്, കളിക്കാർ പൂർണ്ണമായി തയ്യാറെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കപിൽ കൂട്ടിച്ചേർത്തു.

131 ടെസ്റ്റുകളും 225 ഏകദിനങ്ങളും നീണ്ടുനിന്ന കരിയറിൽ പരിക്കുമൂലം ഒരു കളിയും കപിലിന് നഷ്ടപ്പെടുത്തേണ്ടി വന്നില്ല. എന്നാൽ പുതിയ ഫിറ്റ്‌നസ് ആശയങ്ങൾ അവതരിപ്പിച്ചിട്ടും ക്രിക്കറ്റ് താരങ്ങൾക്കിടയിൽ പരിക്കുകൾ സമീപ വർഷങ്ങളിൽ കൂടുതൽ സാധാരണമാണ്.ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഒരു വർഷത്തോളമായി പുറത്തായിരുന്നു, അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇപ്പോഴും അജ്ഞാതമാണ്. ഈ കാലഘട്ടത്തിൽ കളിക്കാർ കളിക്കുന്ന ക്രിക്കറ്റിന്റെ അളവ് കണക്കിലെടുക്കുമ്പോൾ പരിക്കുകൾ കൈകാര്യം ചെയ്യുന്നതിനും മുൻഗണന നൽകണമെന്ന് കപിൽ പറഞ്ഞു.

“ഞങ്ങൾ അത്രയധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാൽ എന്റെ സമയം വ്യത്യസ്തമായിരുന്നു. ഇപ്പോൾ, ഈ കളിക്കാർ ഏകദേശം 10 മാസത്തെ ക്രിക്കറ്റ് കളിക്കുന്നു. അതിനാൽ, പരിക്കുകളിൽ നിന്ന് അകന്നുനിൽക്കാൻ ശരീരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. എല്ലാവരുടെയും ശരീരം വ്യത്യസ്തമാണ്, അവരുടെ ശാരീരികക്ഷമത നിലനിർത്താൻ അവർക്ക് വ്യക്തിഗത പദ്ധതികൾ ആവശ്യമാണ്,” 1983 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ കപിൽ പറഞ്ഞു.

5/5 - (1 vote)