55 റൺസ് ഓൾ ഔട്ട് !! ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ശ്രീലങ്കയ്ക്കെതിരെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 302 റൺസിന്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യയ്‌ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്ക 55 റൺസിന്‌ ഓൾ ഔട്ടായി. ഈ വിജയത്തോടെ ഇന്ത്യ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരുമായിരുന്നു.

ഒപ്പം ഇന്ത്യൻ ബോളർമാർ ഒരു അവിശ്വസനീയ പ്രകടനം തന്നെ മത്സരത്തിൽ കാഴ്ചവച്ചതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ പേസർമാരൊക്കെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അങ്ങനെ ഇന്ത്യ ചരിത്ര വിജയം മത്സരത്തിൽ സ്വന്തമാക്കി.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ശേഷം ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 189 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഗില്‍ മത്സരത്തിൽ 92 പന്തുകളിൽ 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 92 റൺസ് നേടി. 94 പന്തുകളിൽ 11 ബൗണ്ടറികൾ അടക്കം 88 റൺസാണ് കോഹ്ലി നേടിയത്. ഒപ്പം അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ വെടിക്കെട്ട് തീർത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. 56 പന്തുകളിൽ 3 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 82 റൺസാണ് അയ്യർ നേടിയത്. ഇങ്ങനെ ഇന്ത്യ 357 എന്ന കൂറ്റൻ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ഇന്ത്യയുടെ പേസർമാർ കൃത്യമായ താളം കണ്ടെത്തിയതോടെ ശ്രീലങ്കൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറുകയായിരുന്നു. ആദ്യ പവർപ്ലെയിൽ തന്നെ ശ്രീലങ്കയെ പൂർണമായും ചുരുട്ടി കെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ പവർപ്ലേ അവസാനിക്കുമ്പോൾ കേവലം 14 റൺസ് മാത്രമേ ലങ്കയ്ക്ക് സാധിച്ചുള്ളൂ. ശ്രീലങ്കയുടെ 6 വിക്കറ്റുകളും ഇതിനോടകം തന്നെ നഷ്ടമായിരുന്നു. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ബൂമ്ര എന്നിവർ പൂർണമായും ശ്രീലങ്കയെ ഇല്ലാതാക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ശ്രീലങ്കൻ നിരയിൽ 5 ബാറ്റർമാരാണ് റൺസൊന്നും നേടാതെ പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് ഷാമി 5 ഉം മുഹമ്മദ് സിറാജ് 3ഉം വിക്കറ്റുകൾ സ്വന്തമാക്കി.ജഡേജ അവസാന വിക്കറ്റ് നേടി.

Rate this post