ഏഴാം വിജയത്തോടെ സെമി ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ ശ്രീലങ്ക |World Cup 2023

ലോകകപ്പിലെ 2023 ലെ തുടർച്ചയായ ഏഴാം ജയവും സെമി ഫൈനൽ സ്പോട്ടും ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് വാങ്കഡെയിൽ ശ്രീലങ്കക്കെതിരെ ഇറങ്ങും.ഈ വേദിയിൽ ഈ രണ്ട് ടീമുകളും അവസാനമായി ഏകദിനം കളിച്ചത് 2011 ലോകകപ്പ് ഫൈനൽ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വേൾഡ് കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടുകയാണ്.

ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലിനെയും അവസാന രണ്ട് മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യയെയും നഷ്ടമായെങ്കിലും ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും അവർ വിജയിച്ചു. വ്യാഴാഴ്ച ശ്രീലങ്കയെ തോൽപ്പിച്ചാൽ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറും.ക്വാളിഫയർ റൂട്ടിലൂടെ ഈ ലോകകപ്പിൽ എത്തിയ ശ്രീലങ്ക, ജീവൻ നിലനിർത്താൻ പാടുപെടുകയാണ്. ആറ് കളികളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള അവർ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതോടെ സെമി ഫൈനൽ സാദ്ധ്യതകൾ തുലാസിലായി.

മറ്റൊരു തോൽവി അവരെ ലോകക്കപ്പിൽ നിന്നും പുറത്താക്കും. ഹാർദിക് ഇല്ലാതെയാണ് ഇന്ത്യ വീണ്ടും ഇറങ്ങുന്നത്, അതിനർത്ഥം ഇന്ത്യ വീണ്ടും അഞ്ച് മുൻനിര ബൗളർമാരുമായി ഇറങ്ങും.ശ്രീലങ്കയ്ക്കും അവരുടെ നിയുക്ത ക്യാപ്റ്റൻ ദസുൻ ഷനക ഉൾപ്പെടെ നിരവധി കളിക്കാരെ പരിക്കുമൂലം നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ അഭാവത്തിൽ കുസൽ മെൻഡിസ് കടിഞ്ഞാൺ ഏറ്റെടുത്തെങ്കിലും അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ബാധിച്ചതായി തോന്നുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഷനക ക്യാപ്റ്റനായിരുന്നപ്പോൾ 166.38 സ്‌ട്രൈക്ക് റേറ്റിൽ 198 റൺസാണ് മെൻഡിസ് അടിച്ചുകൂട്ടിയത്. അതിനുശേഷം, 76.08 സ്‌ട്രൈക്ക് റേറ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 70 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ക്യാപ്റ്റൻ ഫോമിലേക്ക് വരേണ്ടത് വളരെ അത്യാവശ്യമാണ് കാരണം സെമി ഫൈനൽ മാത്രമല്ല ശ്രീലങ്കയുടെ ചാമ്പ്യൻസ് ട്രോഫി 2025 യോഗ്യതയും അപകടത്തിലാണ്. ലോകകപ്പിലെ ആദ്യം മൂന്ന് മത്സരവും തോറ്റാണ് ശ്രീലങ്ക തുടങ്ങിയത്. പിന്നീട് നെതർലന്റസ് , ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തിയെങ്കിലും,അഫ്ഗാന് മുമ്പിൽ വീണ്ടും പതറി. ഇനിയുള്ള മത്സരങ്ങളിൽ എല്ലാം വിജയിച്ചാലും അവസാന നാലിലത്താൻ, പോയിന്റ് ടേബിളിലെ കണക്കുകൂട്ടലുകളും നിർണായകമാകും.

Rate this post