‘വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്നെങ്കിൽ ഇന്ത്യ ആദ്യ ടെസ്റ്റിൽ തോൽക്കില്ലായിരുന്നു’: മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ | IND vs ENG

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ തോൽ‌വിയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതിരോധ തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ.വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയുടെ അഭാവം ഇന്ത്യയുടെ തോൽവിയിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി വളരെ ശരാശരിയാണെന്നും വോണ്‍ വിമര്‍ശിച്ചു.

“ടെസ്‌റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇന്ത്യക്ക് വലിയ തോതിൽ നഷ്ടമായി. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഈ കളി തോല്‍ക്കില്ലായിരുന്നു. രോഹിത് ശര്‍മ്മ ഇതിഹാസവും മികച്ച താരവുമാണ്. പക്ഷേ അദ്ദേഹം പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്തതായി എനിക്ക് തോന്നി”യൂട്യൂബ് ചാനലിൽ വോണ്‍ പറഞ്ഞു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ കഴിഞ്ഞ ദശാബ്ദത്തിനിടയിലെ നാലാമത്തെ ഹോം ടെസ്റ്റ് തോൽവിയാണ് ഇന്ത്യ നേരിട്ടത്.ഒല്ലി പോപ്പിൻ്റെ 196 റൺസിൻ്റെ ശ്രദ്ധേയമായ ഇന്നിംഗ്‌സും അരങ്ങേറ്റക്കാരൻ ടോം ഹാർട്ട്‌ലിയുടെ അസാധാരണ പ്രകടനവുമാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ വോൺ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. രോഹിതിൻ്റെ റിയാക്ടീവ് സമീപനം, തന്ത്രപരമായ ഫീൽഡ് പ്ലെയ്‌സ്‌മെൻ്റുകളുടെ അഭാവം, ഒലി പോപ്പിൻ്റെ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും നേരിടാനുള്ള കഴിവില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി അദ്ദേഹം രോഹിതിൻ്റെ നേതൃത്വത്തെ “വളരെ ശരാശരി” എന്ന് വിശേഷിപ്പിച്ചു.വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിന്നു.ആദ്യ ടെസ്റ്റിലെ നിർണായക നിമിഷങ്ങളിൽ കോഹ്‌ലിയുടെ അഭാവം ആഴത്തിൽ അനുഭവപ്പെട്ടുവെന്ന് വോണ്‍ പറഞ്ഞു.

ഫെബ്രുവരി 2 മുതൽ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കുക്കുകയാണ്. പ്രധാന താരങ്ങളായ രവീന്ദ്ര ജഡേജയുടെയും രാഹുലിന്റെയും അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. രണ്ടാം ടെസ്റ്റിൽ വിജയം ഉറപ്പിക്കുക മാത്രമല്ല വോൺ ഉയർത്തിക്കാട്ടുന്ന ക്യാപ്റ്റൻസി ആശങ്കകൾ പരിഹരിക്കുക എന്നതും വെല്ലുവിളിയാണ്.

Rate this post