മെർദേക്ക കപ്പിന്റെ സെമിഫൈനലിൽ മലേഷ്യയോട് പൊരുതിതോറ്റ് ഇന്ത്യ |India

മലേഷ്യയിലെ ബുക്കിറ്റ് ജലീൽ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മെർദേക്ക കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ മലേഷ്യക്കെതിരെ രണ്ടിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഫൈനലിൽ താജികിസ്താനെയാണ് മലേഷ്യ നേരിടുക.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഡിയോൻ ജോഹാൻ കൂൾസ് നേടിയ ഗോളിൽ മലേഷ്യ ലീഡ് നേടി. എന്നാൽ 14 ആം മിനുട്ടിൽ മഹേഷ് സിങ് നേടിയ ഗോളിൽ ഇന്ത്യ സമനില പിടിച്ചു.സഹൽ കൊടുത്ത പാസിൽ നിന്നാണ് മഹേഷ് ഗോൾ നേടിയത്. 20 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ആരിഫ് ഐമാൻ നേടിയ ഗോളിൽ മലേഷ്യ ലീഡ് പുനസ്ഥാപിച്ചു. 42 ആം മിനുട്ടിൽ ഫൈസൽ മലേഷ്യയുടെ ലീഡ് ഇരട്ടിയാക്കി.

പകുതി സമയത്ത് 1-3ന് പിന്നിലായ ഇന്ത്യ സുനിൽ ഛേത്രിയുടെ ഗോളിൽ തിരിച്ചുവരവ് തുടങ്ങി. 51 ആം മിനുട്ടിൽ ക്യാപ്റ്റൻ ഛേത്രി നേടിയ ഗോൾ സ്കോർ 2 -3 ആക്കി. 57 ആം മിനുട്ടിൽ ലാലിയൻസുവാല ചാങ്‌ടെ നേടിയ ഇന്ത്യയുടെ സമനില ഗോൾ അനുവദിച്ചില്ല.ഇന്ത്യൻ കളിക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു, ഓൺ-ഫീൽഡ് റഫറി മോങ്കോൾചായ് പെച്‌രിയോട് ലൈൻസ്‌മാനുമായി സംസാരിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർത്ഥിച്ചു.

എന്നാൽ തായ്‌ലൻഡിൽ നിന്നുള്ള റഫറിമാർ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.ഇതാദ്യമായല്ല ഒരു പ്രധാന റഫറിയിങ് തീരുമാനം ഇന്ത്യക്കെതിരെ വരുന്നത്. കിംഗ്‌സ് കപ്പിൽ ഇന്ത്യ ഇറാഖുമായി കളിച്ചപ്പോഴും റഫറിയുടെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. 61 ആം മിനുട്ടിൽ കോർബിൻ സ്കോർ ചെയ്തതോടെ സ്കോർ 2 -4 ആവുകയും മലേഷ്യ വിജയം ഉറപ്പിക്കുകയും ചെയ്തു.

Rate this post