‘മുഹമ്മദ് സിറാജിന് 4 വിക്കറ്റ്’ : രാജ്കോട്ട് ടെസ്റ്റിൽ 126 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ | IND vs ENG

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 126 റൺസിന്റെ വലിയ ലീഡുമായി ഇന്ത്യ. 445 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 319 റൺസിന്‌ ഓൾ ഔട്ടായി. ഇന്ത്യക്കായി സിറാജ് നാല് വിക്കറ്റും കുൽദീപ് ജഡേജ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി, ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കറ്റ് 151 പന്തുകള്‍ നേരിട്ട് 153 റൺസ് നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 41 റൺസ് നേടി.

രണ്ടിന് 207 എന്ന നിലയില്‍ രണ്ടാം ദിനം കളിയവസാനിപ്പിച്ച ഇംഗ്ലണ്ടിന് മൂന്നാംദിനം തുടക്കത്തിലേ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 18 റൺസ് നേടിയ റൂട്ടിനെ ബുംറ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. പൂജ്യം റൺസ് നേടിയ ബെയര്‍സ്‌റ്റോയെ കുല്‍ദീപ് യാദവും മടക്കി. 151 പന്തുകള്‍ നേരിട്ട് 153 റൺസ് നേടിയ ബെൻ ഡക്കറ്റിനെ കുൽദീപ് പുറത്താക്കി.23 ഫോറും 2 സിക്‌സും ഉള്‍പ്പെടുന്നതാണ് ഡക്കറ്റിന്റെ ഇന്നിങ്‌സ്.

സ്കോർ 299 ൽ നിൽക്കെ 41 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ടിന് നഷ്ടപെട്ടു. രവീന്ദ്ര ജഡേജയാണ് സ്റ്റോക്സിനെ പുറത്താക്കിയത്. പിന്നാലെ 13 റൺസ് നേടിയ ബെൻ ഫോക്സിനെ സിറാജ് മടക്കി അയച്ചതോടെ ഇംഗ്ലണ്ട് 7 വിക്കറ്റിന് 299 എന്ന നിലയിലായി. 6 റൺസ് നേടിയ രെഹാൻ അഹമ്മദിനെ സിറാജ് ക്ലീൻ ബൗൾഡ് ചെയ്തു. 9 റൺസ് നേടിയ ടോം ഹാർട്ട്ലിയേ ജഡേജയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 9 വിക്കറ്റിന് 315 എന്ന നിലയിലായി. സ്കോർ 319 ൽ നിലക്ക് ആന്ഡേഴ്സനെ പത്താമനായി സിറാജ് മടക്കി.

വെള്ളിയാഴ്ച സാക്ക് ക്രൗളി (15), ഒലി പോപ്പ് (39) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിന്റെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ധ്രുവ് ജുറേലും രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും മികച്ച സംഭാവന നല്‍കി.രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

Rate this post