ലക്ഷ്യം ഒന്നാം സ്ഥാനം ,തുടര്‍ച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നു |World Cup 2023

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. തുടർച്ചയായ നാലാം വിജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ടെങ്കിലും ബംഗ്ലാദേശ് അവരുടെ അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

ഇന്ത്യയും ബംഗ്ലാദേശും ഏകദിന ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ അതിൽ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു. 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ഏക വിജയം. എന്നിരുന്നാലും, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ അവസാന നാല് ഏകദിനങ്ങളിൽ മൂന്നെണ്ണവും ബംഗ്ലാദേശ് വിജയിച്ചു.ലോകകപ്പിൽ ബം​ഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ന്യുസീലൻഡാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

മുഹമ്മദ് ഷമിയും ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നും ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ബൗളര്‍മാരില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ബൗളിംഗ് കോച്ച് പരസ് മാംബ്രെ നല്‍കുന്നത്.ഇന്‍ഡോറില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഷമി ഇന്ത്യക്കായി അവസാനമായി കളിച്ചത്. ടോപ് ഓര്‍ഡറിന് താഴെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടീം ബാറ്റിംഗ് നിര ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

തങ്ങളുടെ ആദ്യ ഇലവനെ മാറ്റുന്നതിനെക്കുറിച്ച് മാനേജ്മെന്റ് നിലവില്‍ ചിന്തിക്കുന്നില്ല.റണ്ണൊഴുകും പിച്ചായിരിക്കും പുണെയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്‌കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 300 കടന്നിരുന്നു. പുണെയില്‍ അടുത്തദിവസങ്ങളിലൊന്നും മഴയുണ്ടായിരുന്നില്ല. എന്നാല്‍, ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അപ്രതീക്ഷിതമായി അല്‍പനേരം ചാറ്റല്‍മഴ പെയ്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Rate this post