അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ അനായാസ ജയം സ്വന്തമാക്കി പാക്കിസ്ഥാൻ ,അസാൻ അവൈസിനു സെഞ്ച്വറി | India vs Pakistan U19 Asia Cup 2023

ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പാകിസ്ഥാൻ.260 റൺസ് പിന്തുടർന്ന പാകിസ്ഥാൻ അസാൻ അവൈസിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു.

തുടക്കത്തിൽ തന്നെ എട്ടു റൺസെടുത്ത പാകിസ്ഥാന്റെ ഷാമില്‍ ഹുസൈനെ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഷഹ്‌സെയ്ബ് ഖാന്‍ അവൈസ് സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാനെ സുരക്ഷിതമായ നിലയിലെത്തിച്ചു. പാക് സ്കോർ 138 റൺസിൽ എത്തിയപ്പോൾ ഷഹ്‌സെയ്ബ് ഖാന്‍( 63) പുറത്തായെങ്കിലും നാലാമനായി ഇറങ്ങിയ സാദ് ബെയ്ഗ് അവൈസിനു മികച്ച പിന്തുണ നൽകി. 51 പന്തിൽ നിന്നും എട്ട് ഫോറും ഒരു സിക്‌സുമടക്കം ബെയ്ഗ് 68 റണ്സെടുത്ത് പുറത്താവാതെ നിന്നു.

130 പന്തുകള്‍ നേരിട്ട അവൈസ് 10 ബൗണ്ടറികള്‍ അടക്കം 105 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുരുഗൻ അഭിഷേക് രണ്ടു വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ ആദര്‍ശ് സിങ് (61), ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (6), സച്ചിന്‍ ദാസ് (58) എന്നിവരാണ് ഫിഫ്റ്റി നേടിയത്.

പാക് നിരയില്‍ മുഹമ്മദ് സീഷന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അമിര്‍ ഖാന്‍, ഉബൈദ് ഷ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍ ഇന്ത്യ. ഒരു ജയവും തോല്‍വിയുമാണ് അക്കൗണ്ടില്‍. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നേപ്പാളാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.