സഞ്ജുവിന് ഇന്നും അവസരം ലഭിച്ചേക്കാം , പരീക്ഷണം തുടരുമെന്ന സൂചന നൽകി ടീം ഇന്ത്യ |India

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യ പരീക്ഷണം തുടരുമോ എന്നാണ് ആരാധകർക്ക് അറിയണ്ടത്.മധ്യനിരയിൽ സഞ്ജു സാംസണെയും സൂര്യകുമാർ യാദവിനെയും വീണ്ടും പരീക്ഷിക്കുമോ ? വിരാടും രോഹിതും വീണ്ടും പുറത്തിരിക്കുമോ ? എന്ന ചോദ്യങ്ങൾ ആരാധകർ ചോദിച്ചുകൊണ്ടിരിക്കുകയാണ്.

2006 മുതൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ഏകദിന പരമ്പരയും തോറ്റിട്ടില്ലാത്ത ഇന്ത്യ ബാർബഡോസിൽ നടന്ന രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകിയ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് അവസാന മത്സരം ജയിക്കേണ്ടതുണ്ട്.ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023ന് മുമ്പ് സൂര്യകുമാർ യാദവിന് തങ്ങളാൽ കഴിയുന്നത്ര അവസരങ്ങൾ നൽകാൻ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുവെന്ന് രണ്ടാം ഏകദിനത്തിന് ശേഷം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു.

അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലും സൂര്യ മധ്യ നിരയിൽ കളിക്കും. രാജസ്ഥാൻ റോയൽസ് നായകൻ സാംസണിന് രണ്ടാം ഏകദിനത്തിൽ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചെങ്കിലും 9 റൺസ് മാത്രം നേടാൻ സാധിച്ചുള്ളൂ.ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പ് 2023 ന് മുന്നോടിയായി നടക്കുന്ന അവസാന ഏകദിനത്തിൽ സാംസൺ, ഇഷാൻ കിഷൻ, അക്‌സർ പട്ടേൽ എന്നിവരെപ്പോലുള്ളവർക്ക് കൂടുതൽ അവസരം നൽകുന്നതിനും ഇന്നത്തെ മത്സരത്തിൽ ഇതേ 11 തുടരാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചേക്കാം.

രോഹിതിനും കോലിക്കും വിശ്രമം അനുവദിച്ചാൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും ടീമിനെ നയിക്കും.സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കിഷനെ വെല്ലുന്നൊരു പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താനുള്ള വഴി തുറക്കാനാവു.2006 ലാണ് ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് ഒരു ഏകദിന പരമ്പര വിജയിച്ചത്. സീനിയർ താരങ്ങളില്ലാത്ത ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് പരമ്പര നേടുകയാണ് വെസ്റ്റ് ഇൻഡീസ് ലക്ഷ്യം. രണ്ടാം ഏകദിനം ജയിച്ച ടീമിൽ വെസ്റ്റ് ഇൻഡീസ് മാറ്റം വരുത്തിയേക്കില്ല.

ഇന്ത്യ: ഇഷാൻ കിഷൻ (wk ), ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (സി), സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉംറാൻ മാലിക്, മുകേഷ് കുമാർ

വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ് (സി & ഡബ്ല്യുകെ), ഷിമ്രോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്

5/5 - (1 vote)