‘അശ്വിന് ആറു വിക്കറ്റ് ‘: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ | India | Bangladesh

ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 515 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസിന്‌ പുറത്തായി. ഇന്ത്യക്കായി രവി അശ്വിൻ 6 വിക്കറ്റും ജഡേജ മൂന്നു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി നായകൻ ഷാന്റോ 82 റൺസ് നേടി.

4 വിക്കറ്റ് നഷ്ടത്തിൽ 158 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച ബംഗ്ലാദേശ് മികച്ച രീതിയിൽ ചെറുത്തു നിന്നു. നായകൻ ഷാന്റോയും ഷാക്കിബും ഇന്ത്യൻ ബൗളർമാരെ ധീരമായി നേരിട്ടു. സ്കോർ 195 ൽ നിൽക്കെ ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 25 റൺസ് നേടിയ ഷാക്കിബിനെ അശ്വിൻ പുറത്താക്കി. പിന്നാലെ ഒരു റൺസ് നേടിയ ലിറ്റൻ ദാസിനെ ജഡേജ മടക്കി അയച്ചു. 8 റൺസ് നേടിയ മെഹിദി ഹസനെ പുറത്താക്കി അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിച്ചു. സ്കോർ 222 ൽ നിൽക്കെ 82 റൺസ് നേടിയ ഷാന്റോയെ ജഡേജ പുറത്താക്കി. 228 ആയപ്പോൾ 5 റൺസ് നേടിയ ടസ്കിൻ അഹമ്മദിനെ അശ്വിൻ പുറത്താക്കി. 7 റൺസ് നേടിയ ഹസനെ ജഡേജ പുറത്താക്കി ബംഗ്ലാ ഇന്നിംഗ്സ് അവസാനിപ്പിച്ചു

515 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഷഡ്‌മാൻ ഇസ്ലാമും സാകിർ ഹസനും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 33 റൺസ് നേടിയ സാകിർ ഹസനെ ബുംറ പുറത്താക്കി.സ്കോർ 88 ആയപ്പോൾ 35 റൺസ് നേടിയ ഇസ്ലാമിനെ അശ്വിൻ പുറത്താക്കി.സ്കോർ 124 ആയപ്പോൾ 13 റൺസ് നേടിയ മോമിനുൾ ഹഖിനെയും അശ്വിൻ പുറത്താക്കി. സ്കോർ 146 ആയപ്പോൾ 13 റൺസ് നേടിയ മുഷ്‌ഫിക്കർ റഹിമിനെയും അശ്വിൻ തന്നെ മടക്കി.

രണ്ടാം ഇന്നിങ്സിൽ 287-ന് നാല് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് കരുത്തായത്. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ 376 റൺസ് നേടി . അശ്വിൻ 113ഉം ജഡേജ 86ഉം ജയ്സ്വാൾ 56ഉം റൺസെടുത്തു.ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 149 റൺസിന് പുറത്താക്കിയ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി.

Rate this post