സൗത്ത് ആഫ്രിക്കയെ കറക്കി വീഴ്ത്തി കുൽദീപ് , മൂന്നാം ടി 20 യിൽ 106 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ | SA vs IND

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 106 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി മത്സരത്തിൽ സൂര്യകുമാർ യാദവാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ കുൽദീവ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിലെ വിജയത്തോടുകൂടി പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയെ സംബന്ധിച്ച് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണ്.ടോസ് നഷ്ടപ്പെട്ട ഇന്ത്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ ഓപ്പണർമാരിൽ ഇന്ത്യ വിശ്വാസം അർപ്പിച്ചിരുന്നുവെങ്കിലും ശുഭമാൻ ഗില്ലിന്റെ(12) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ഒപ്പം തിലക് വർമയും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 29ന് 2 എന്ന നിലയിൽ പതറി. ഈ സമയത്താണ് ജയസ്വാളിനൊപ്പം ചേർന്ന് സൂര്യകുമാർ യാദവ് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സൂര്യകുമാർ യാദവ് തന്റെ ട്വന്റി 20 കരിയറിലെ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ നേടിയത്. 55 പന്തുകളിൽ 7 ബൗണ്ടറികളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ ഈ സെഞ്ച്വറി.ജയസ്വാൾ മത്സരത്തിൽ 41 പന്തുകളിൽ 60 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 201 എന്ന വമ്പൻ സ്കോറിലെത്തി.അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി.നായകൻ മാക്രം(25) പവർപ്ലെ ഓവറുകളിൽ അടിച്ചു തകർത്തെങ്കിലും കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ മികവ് പുലർത്തുകയായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കൻ മധ്യനിരയിൽ ഡേവിഡ് മില്ലർ(35) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. പക്ഷേ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീണത് മില്ലറിനെയും ബാധിക്കുകയുണ്ടായി. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 106 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.

ഭുവനേശ്വർ കുമാറിന് ശേഷം ടി20യിൽ ഒന്നിലധികം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി കുൽദീപ് യാദവ് മാറി. ഏറ്റവും പ്രധാനമായി നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ സ്പിന്നറായി.കുൽദീപ് 2.5-0-17-5 എന്ന കണക്കിൽ ഫിനിഷ് ചെയ്തു,ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാദ് വില്യംസ് എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപിന് ലഭിച്ചത്.അഞ്ച് വിക്കറ്റ് നേട്ടം പിറന്നാള് ദിനത്തില് വന്നതും കുല് ദീപിന് പ്രത്യേകതയായിരുന്നു. ഡിസംബർ 14 ന് റിസ്റ്റ് സ്പിന്നറിന് 29 വയസ്സ് തികഞ്ഞു.

4/5 - (3 votes)