അഫ്ഗാനിസ്ഥാനെ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീമെന്ന് വിശേഷിപ്പിച്ച് ഇർഫാൻ പത്താൻ |World Cup 2023

ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം എന്നാണ് അഫ്ഗാനിസ്ഥാനെ പത്താൻ വിശേഷിപ്പിച്ചത്.2023 ലോകകപ്പിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.

മുൻ ലോകകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ വിജയങ്ങൾ രേഖപ്പെടുത്തിയ അവർ ഓസ്‌ട്രേലിയൻ സൗത്ത് ആഫ്രിക്ക ടീമുകളെ വിറപ്പിക്കുകയും ചെയ്തു.ഈ ടൂർണമെന്റിന് മുമ്പ് അഫ്ഗാനിസ്ഥാന് ലോകകപ്പിൽ രണ്ട് വിജയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആവേശകരമായ പോരാട്ടമാണ് കാഴ്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ആകെ 244 റൺസ് നേടി.ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 97 റൺസ് നേടിയ അസ്മത്തുള്ള ഒമർസായിയുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് മാന്യമായ സ്കോർ സമ്മനിച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.സെമിയിൽ കടന്നില്ലെങ്കിലും 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ യാത്ര ശ്രദ്ധേയമായിരുന്നു.ടീമിനൊപ്പം നൃത്തം ചെയ്തുകൊണ്ട് പാക്കിസ്ഥാനെതിരായ വിജയം ആഘോഷിച്ച പത്താൻ ലോകക്കപ്പിൽ ഉടനീളം അഫ്ഗാനിസ്ഥാന്റെ വലിയ പിന്തുണക്കാരനായിരുന്നു.

മുൻ ഇന്ത്യൻ പേസർ അഫ്ഗാൻ ടീമിനെ പ്രശംസിക്കുകയും ടൂർണമെന്റിൽ അവർ മികച്ച നിലവാരമുള്ള ക്രിക്കറ്റ് കളിച്ചുവെന്ന് പറയുകയും ചെയ്തു.ഇന്ത്യയ്ക്ക് പിന്നിൽ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീമായിരുന്നു ഷാഹിദിയും കൂട്ടരും എന്ന് പത്താൻ പറഞ്ഞു. അഫ്ഗാൻ ടീമിന് കളത്തിൽ മാജിക് സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുൻ ഇന്ത്യൻ താരം.

“ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ മികച്ച ക്രിക്കറ്റ് ആണ് കാണാൻ കഴിഞ്ഞത്. ലോകകപ്പിലെ മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം ആണ് അവർ.ഇവിടെ നിന്ന് ഈ ടീം മൈതാനത്ത് മാന്ത്രികത സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് പോകുന്നതിന് ആശംസകൾ ” പത്താൻ ട്വീറ്റ് ചെയ്തു.