‘ഹാർദിക് പാണ്ഡ്യയ്ക്ക് റെഡ് ബോൾ കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ…’: ബിസിസിഐയെ ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ | Irfan Pathan

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നു ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്തായത് വലിയ ചർച്ച വിഷയമായിരുന്നു.ഇന്ത്യക്ക് വേണ്ടി കളിക്കാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബോർഡ് കളിക്കാരോട് നിർദേശിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ എല്ലാ കളിക്കാർക്കും നോട്ടീസിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ ആ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇഷാനും അയ്യർക്കും തിരിച്ചടിയായത്. എല്ലാ കളിക്കാരും ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത കാലഘട്ടങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ബിസിസിഐ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.ബിസിസിഐ നടപടിയെ വിമർശിക്കുകയാണ് ഇപ്പോൾ മുൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. എല്ലാവർക്കും ഈ നിയമ ബാധകമല്ലേ എന്നാണ് ഇർഫാൻ പരോക്ഷമായി ചോദിക്കുന്നത്. ഹർ​ദിക് പാണ്ഡ്യ നിലവിൽ ഇന്ത്യൻ ടീമിൽ ഇല്ല. താരം ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇർഫാൻ വിമർശനം ഉന്നയിച്ചത്.

“അവർ കഴിവുള്ള ക്രിക്കറ്റ് താരങ്ങളാണ്, ശ്രേയസും ഇഷാനും. അവർ തിരിച്ചുവരികയും കൂടുതൽ ശക്തമായി തിരിച്ചെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” പത്താൻ ട്വിറ്ററിൽ കുറിച്ചു.”ഹാർദിക്കിനെപ്പോലുള്ള കളിക്കാർക്ക് റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവനും അവനെപ്പോലുള്ള മറ്റുള്ളവരും ദേശീയ ഡ്യൂട്ടിയിലില്ലാത്തപ്പോൾ വൈറ്റ്-ബോൾ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കണോ? ഇത് എല്ലാവർക്കും ബാധകമല്ലെങ്കിൽ അപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആഗ്രഹിച്ച ഫലം നേടില്ല!” പത്താൻ കൂട്ടിച്ചേർത്തു.

ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. കാലിനു പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും കളിക്കാൻ തുടങ്ങിയിട്ടില്ല.ഐപിഎല്ലിന് വേണ്ടി ബറോഡയില്‍ പരിശീലനം നടത്തുകയാണ് പാണ്ഡ്യയിപ്പോൾ. ഹാർദിക് പാണ്ഡ്യ 2018 സെപ്റ്റംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.പരുക്ക് പറ്റുന്ന ശരീരം ഗെയിമിൻ്റെ ദൈർഘ്യമേറിയ ഫോർമാറ്റിനെക്കുറിച്ച് ചിന്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ബറോഡ ഓൾറൗണ്ടർ പറഞ്ഞു.

Rate this post