സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിപ്പിച്ച തകർപ്പൻ ഇന്നിഗ്‌സുമായി ഇഷാൻ കിഷൻ

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷ തന്നെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ വച്ചിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച ഒരു കിടിലൻ ഇന്നിംഗ്സാണ് ഏഷ്യാകപ്പിന്റെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ചവച്ചത്.

കിഷന്റെ ഈ ഇന്നിങ്സോടെ ടീമിലേക്ക് തിരികെയെത്താനുള്ള സഞ്ജുവിന്റെ ചെറിയ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയിരുന്നത് കെഎൽ രാഹുലിനെയായിരുന്നു. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലാണ് കിഷനെ ഇന്ത്യ അഞ്ചാം നമ്പറിൽ ഇറക്കി പരീക്ഷിച്ചത്.

എന്നാൽ കിഷൻ 5 നമ്പറിൽ ഇറങ്ങുന്നതിനോട് പല മുൻ താരങ്ങളും നെറ്റി ചുളിക്കുകയുണ്ടായി. ആ പൊസിഷനിൽ ഇതേവരെ കളിച്ചിട്ടില്ലാത്ത ഇഷാനെ ഇങ്ങനെ ഒരു പരീക്ഷണത്തിന് വിധേയമാക്കുന്നത് മണ്ടത്തരമാണെന്നും പലരും എഴുതിത്തള്ളി. എന്നാൽ അഞ്ചാം നമ്പറിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെതിരെ കിഷൻ കാഴ്ചവച്ചത്. 81 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 82 റൺസാണ് ഇഷാൻ നേടിയത്.

മാത്രമല്ല നിർണായ സമയത്ത് ക്രീസിലെത്തി ഇന്ത്യയെ വലിയ ആപത്തിൽ നിന്ന് രക്ഷിക്കാനും ഇഷാൻ കിഷന് സാധിച്ചിരുന്നു. കിഷന്റെ ഈ ഇന്നിങ്സോടെ സഞ്ജു മാത്രമല്ല, കെഎൽ രാഹുലും കൂടുതൽ സമ്മർദ്ദത്തിലയിട്ടുണ്ട്. നിലവിൽ ഇഷാൻ കിഷനെ ഒരു കാരണവശാലും ഇന്ത്യയ്ക്ക് ടീമിൽ നിന്നും മാറ്റി നിർത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ രാഹുലിന്റെ ടീമിലെ സ്ഥാനവും നഷ്ടമായേക്കും.

ഇതിനു പിന്നാലെ ഒരുപാട് പരിഹാസങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉടലെടുത്തിരിക്കുന്നത്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്രയിലെ ഇതോടുകൂടി അവസാനിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ ചില ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇനി സഞ്ജുവിന് മുൻപിൽ ബാക്കിയുള്ളത് വിരമിക്കൽ മാത്രമാണ് എന്ന് ചിലർ പറയുന്നു. അല്ലാത്തപക്ഷം സഞ്ജു കൂടുതലായും ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ഉത്തമം എന്നും ആരാധകർ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു ഉണ്ടാവില്ലയെന്നും ആരാധകർ ഉറപ്പിക്കുകയാണ്. ഇനി രാഹുലിന് ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിട്ടാൽ മാത്രമേ സഞ്ജുവിന് സ്ക്വാഡിലെത്താൻ പറ്റൂ എന്നാണ് ആരാധകരുടെ നിഗമനം.