അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ നാല് ഗോളുകളും നേടിയത് വിദേശ താരങ്ങളാണ്. ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് ഇരട്ട ഗോളുകൾ നേടി. ലിത്വാനിയൻ താരം സെർനിക്ക് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

കൊച്ചിയിൽ മത്സരം ആരംഭിച്ച് ഏഴു മിനുട്ട് ആയപ്പോൾ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഗോവ മുന്നിലെത്തി. കോർണർ കിക്ക് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ വന്നപ്പോൾ അവസരം മുതലെടുത്ത റൗളിൻ ബോർഗെസ് പന്ത് വലയിലാക്കി ഗോവയെ മുന്നിലെത്തിച്ചു. 17 ആം മിനുട്ടിൽ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി.നോഹ ഇടതു വിങ്ങിൽ നിന്നും കൊടുത്ത പാസിൽ നിന്നാണ് യാസിർ ഗോൾ നേടിയത്.

23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡായത് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി.ദിമിത്രോസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളായി മാറ്റാന്‍ സാധിച്ചില്ല. 41-ാം മിനുറ്റില്‍ ദിമിയുടെ ശ്രമം ഗോളായി മാറിയില്ല. എന്നാൽ രണ്ടാം ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വന്നു. 51 ആം മിനുട്ടിൽ ജാപ്പനീസ് താരം ഡെയ്‌സുക്ക് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി തിരിച്ചുവരവിന്റെ പ്രതീക്ഷകൾ നൽകി.ഡെയ്‌സുക്ക് എടുത്ത ഫ്രീകിക്ക് കീപ്പർ അർഷ്ദീപ് ഫുൾ സ്ട്രെച്ചിൽ ഡൈവിംഗ് നടത്തിയിട്ടും പോസ്റ്റിൽ തട്ടി വലയ്ക്കുള്ളിൽ കയറി. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്നു കളിക്കുന്നതാണ് കാണാൻ സാധിച്ചത്.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. 81 ആം മിനുട്ടിൽ സൂപ്പർ സ്ട്രൈക്കേർ ദിമിയുടെ പെനാൽറ്റി ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.ഡെയ്‌സുക്ക് ബോക്സിനുള്ളിലേക്ക് കൊടുത്ത ക്രോസ് മക്ഹഗ് തൻ്റെ കൈകൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ചതോടെ റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി നൽകി. മൂന്നു മിനിറ്റിനു ശേഷം ഡയമൻ്റകോസ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി. 88 ആം മിനുട്ടിൽ ദിമിയുടെ പാസിൽ നിന്നും വിദേശ താരം സെർനിക്ക് ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി.

Rate this post