കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ജോർദാന്റെ ഇരട്ട ഗോളുകളും മജ്‌സെന്റെ ഗോളും പഞ്ചാബിന് വിജയം നേടിക്കൊടുത്തു. 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം തോൽവിയാണിത്.

വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങിയത്. ജീക്സൺ സിങ് പുതിയ വിദേശ താരം ഫെഡോർ സെർണിച്ചും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു. തുടക്കം മുതൽ കരുതലോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.ഉയർന്ന പ്രെസ്സിംഗ് ഗെയിം ആണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. എട്ടാം മിനുട്ടിൽ ഡെയ്‌സുകെ കേരള ബ്ലാസ്റ്റേഴ്‌സിനായി സ്കോർ ചെയ്യുന്നതിന്റെ അടുത്തെത്തി. എന്നാൽ ജാപ്പനീസ് താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 24 ആം മിനുട്ടിൽ ഡെയ്‌സുകെയുടെ ക്രോസിൽ നിന്നും രാഹുൽ കെപി ഹെഡ്ഡ് ചെയ്‌തെങ്കിലും ബോൾ പുറത്തേക്ക് പോയി.

അത് വലയിലെത്തിയിരുന്നെങ്കിൽ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാകുമായിരുന്നു. 31 ആം മിനുട്ടിൽ സലായുടെ ഗോൾ ക്ലിയറൻസ് സേവ് പഞ്ചാബിനെ ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷപെടുത്തി. 39 ആം മിനുട്ടിൽ മിലോസ് മിലോസ് ഡ്രിൻചിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.ഡെയ്‌സുക്കെ എടുത്ത കോർണർ കിക്ക് ഗോൾ കീപ്പർ രക്ഷപെടുത്തിയെങ്കിലും ഡ്രിൻചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറി.43 ആം മിനുട്ടിൽ ജോർദാൻ നേടിയ ഗോളിലൂടെ പഞ്ചാബ് സമനില പിടിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പഞ്ചാബിനെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 60 ആം മിനുട്ടിൽ ജോർദാൻ ഗിൽ പഞ്ചാബിന്റെ രണ്ടാം ഗോൾ നേടി . ഇടതു വിങ്ങിൽ നിന്നും മഹ്ദി ബോക്സിലേക്ക് കൊടുത്ത കൊടുത്ത ക്രോസ്സ് സച്ചിൻ സുരേഷിന്റെ കയ്യിൽ തട്ടിയെങ്കിലും ജോർദാൻ ഹെഡ്ഡറിലൂടെ വലയിലാക്കി. 65 ആം മിനുട്ടിൽ മജ്‌സെന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾ കീപ്പർ സച്ചിൻ സുരേഷ് രക്ഷപെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തമാക്കിയെങ്കിലും പഞ്ചാബ് പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. 87 ആം മിനുട്ടിൽ മജ്‌സെൻ പഞ്ചാബിന്റെ മൂന്നാം ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് പരാജയം ഉറപ്പിച്ചു.

Rate this post