“ഐഎസ്എല്ലിൽ മറ്റൊരു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല, കൊച്ചി വളരെ സ്പെഷ്യലാണ്” : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടി. മത്സരത്തിൽ ഡിഫൻഡർ മിലോഷ് ഡ്രിങ്‌സിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.

തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീ​ഗിൽ ഒന്നാമതെത്തി.ഏഴ് മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതേസമയം സീസണില്‍ ഒരു മത്സരം പോലും വിജയിക്കാനാവാതെ പതിനൊന്നാം സ്ഥാനാത്താണ് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് .കൊച്ചിയിൽ വച്ച് നവംബർ 29 ബുധനാഴ്ച ചെന്നൈയ്‌ക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ഹോമിലെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുകയാണ്. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് കൊച്ചിയിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ആരാധകരുടെപ് പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.

“ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യയിലെ മറ്റേതു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല. കൊച്ചിയിലെ അന്തരീക്ഷം വളരെ സ്പെഷ്യലാണ്. ഞങ്ങൾക്കത് വിലമതിക്കാനാകാത്തതാണ്. കൊച്ചിയിൽ കളിക്കുന്ന ഓരോ മത്സരത്തിലും അവരുടെ പിന്തുണ ഞങ്ങൾക്ക് കരുത്താണ്. അവർ പിന്തുണക്കുമ്പോൾ ഞങ്ങൾക്ക് പറന്നുയരാനാകും. ഫുട്ബാളിൽ സമ്മർദ്ധമല്ല, സന്തോഷമാണുള്ളത്. ഈ ആരാധകർക്ക് മുന്നിൽ കളിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനം തോന്നും. അവരുടെ പിന്തുണയിൽ ഞങ്ങൾ കരുത്തരാണെന്ന് തോന്നും. കൊച്ചിയിൽ എതിർ ടീമായി വരരുത് എന്നാണ് എന്റെ ആഗ്രഹം”ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

“വെറും ഏഴു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനി പതിനഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കുന്നു. ഡിസംബർ അവസാനം വരെ കഠിനമായ ടീമുകളെ നേരിടാനുണ്ട് . റാങ്കിങ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരിക്കുന്നത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾ ശാന്തരായി എളിമയോടെയിരിക്കണം. ഞാനത് കളിക്കാരോടും പറയാറുണ്ട്. ഇത് മുന്നോട്ടും തുടർന്ന് ഇരുപത്തിരണ്ടു മത്സരങ്ങൾക്കപ്പുറവും ഒന്നാം സ്ഥാനത്തു തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്”ഇവാൻ പറഞ്ഞു.

5/5 - (1 vote)