‘യൂറോപ്യൻ ഫുട്ബോളിൽ ഇത്തരത്തിലുള്ള പിഴവുകൾ പലപ്പോഴും സംഭവിക്കാറില്ല ,ഇന്ത്യൻ ഫുട്ബോളിൽ ഇത് സ്ഥിരമായ കാഴ്ചയാണ്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് സ്വന്തമാക്കിയത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ മോഹൻ ബഗാൻ താരം അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും നേടി.

സ്വന്തം തട്ടകത്തിലെ ടീമിൻ്റെ തോൽ‌വിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നിരാശ പ്രകടിപ്പിച്ചു. “മോഹൻ ബഗാനെപ്പോലുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ എല്ലാ സമയവും നൂറു ശതമാനം തയ്യാറായിരിക്കണം. എല്ലാത്തിനെക്കുറിച്ചും അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അവർ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കും. കാരണം അവരൊരു മികച്ച ടീമാണ്. അവർക്കിടയിൽ മികച്ച ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളുമുള്ളപ്പോൾ, ഞങ്ങൾ മറുവശത്ത് കുറച്ചു യുവ താരങ്ങളുമായി പോരാടുന്നു.അവരിൽ പലരുടെയും കന്നി സീസണാണിത്. ഞാൻ അവരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു” ഇവാൻ പറഞ്ഞു.

മോഹൻ ബഗാൻ എസ്‌ജി പോലൊരു ടീമിനെതിരെ വ്യക്തിഗത പിഴവുകളും ഏകാഗ്രതയിലുണ്ടായ കുറവുമാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.“യൂറോപ്യൻ ഫുട്ബോളിലെ ഉയർന്ന തലത്തിൽ ഇത്തരത്തിലുള്ള പിഴവുകൾ പലപ്പോഴും സംഭവിക്കാറില്ല.എൻ്റെ അനുഭവത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ഇത് സ്ഥിരമായ കാഴ്ചയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യക്തിഗത പിഴവുകൾ വലിയ സങ്കീർണ്ണമായ കാര്യമാണ്. ആ പിഴവുകളിൽ നിന്നും ഗോളുകളും വരുന്നു. ഇത് എല്ലാ കളിയിലും ഇത് സംഭവിക്കുന്നു.കളിക്കാരെന്ന നിലയിൽ, നിങ്ങൾ തിരിച്ചറിയുകയും ആ തെറ്റുകൾ വരുത്താതിരിക്കുകയും വേണം” ഇവാൻ പറഞ്ഞു.“ഞങ്ങൾ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ കളിച്ചു. എൻ്റെ അഭിപ്രായത്തിൽ, അവർ ഷീൽഡും പ്ലേഓഫും നേടാൻ പോകുകയാണ് ” ഇവാൻ കൂട്ടിച്ചേർത്തു.

“മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തിൽ അഭിമാനിക്കുന്നു. കളി നിയന്ത്രിച്ചത് ഞങ്ങളായിരുന്നെങ്കിലും വ്യക്തിഗത പിഴവുകൾ തിരിച്ചടിയായായി. രണ്ടു തവണ തിരിച്ചുവന്നിട്ടും കളി കൈവിട്ടു പോവാൻ അനുവദിക്കാൻ പാടില്ലായിരുന്നു.ഇന്ന് ടീമിലെ യുവതാരങ്ങളിൽ എനിക്ക് അഭിമാനം തോന്നി. അവർ പോരാടിയ രീതിയിൽ, അവർ മെച്ചപ്പെട്ട രീതിയിൽ, പല കാര്യങ്ങളും കൈകാര്യം ചെയ്തതിൽ. പല താരങ്ങളും പരിക്കിൽ നിന്ന് മടങ്ങിയെത്തിയതേയുള്ളു” ഇവാൻ പറഞ്ഞു.

“ലൂണയുടെയും പെപ്രയുടെയും അഭാവം ഞങ്ങളുടെ ടീമിന്റെ നിലവാരത്തെ ബാധിക്കുന്നു. ഡിമിയാണ് ഇപ്പോൾ ഞങ്ങളുടെ പ്രധാന സ്‌കോറർ.സീസൺ അവസാനിക്കുന്നത് വരെ അത് അങ്ങനെതുടരും.ഈ രണ്ടു താരങ്ങളും കളിക്കാൻ ഉണ്ടായിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ നടന്നേനെ .അവർ ടീമിൽ ഗുണനിലവാരത്തിൽ വലിയ വ്യത്യസം വരുത്തും ” ഇവാൻ പറഞ്ഞു.

Rate this post