വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഇന്ത്യൻ ടീമിൽ

ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ മേജർ ടൂർണമെന്റുകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ ആണ്. ഒരു ഇടവേളക്ക് ശേഷം വീണ്ടും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ദേശീയ ടീമിന്റെ ജേഴ്സി അണിയാൻ തയ്യാറെടുക്കുകയാണ്.

ഇപ്പോൾ, ഇത് കൂടാതെ മറ്റൊരു സന്തോഷ വാർത്തയാണ് മലയാളി ക്രിക്കറ്റ് ആരാധകർക്കായി എത്തിയിരിക്കുന്നത്. ജൂലൈ 12-ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഉണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടും മുൻ ബിസിസിഐ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജയേഷ് ജോർജിന് വരാനിരിക്കുന്ന പര്യടനത്തിൽ ബിസിസിഐ ഒരു നിർണായക ചുമതല നൽകിയിരിക്കുകയാണ്.

Jayesh George. Photo: Special Arrangement

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായി ആണ് ജയേഷ് ജോർജിനെ ബിസിസിഐ നിയോഗിച്ചിരിക്കുന്നത്. നേരത്തെ, സൗരവ് ഗാംഗുലി ബിസിസിഐ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന സമയത്ത് ജയേഷ് ജോർജ് ബോർഡിന്റെ ജോയിന്റ് സെക്രട്ടറി പദവി വഹിച്ചിരുന്നു. ഗാംഗുലി ആസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ജയേഷ് ജോർജിനും തന്റെ സ്ഥാനം നഷ്ടമായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇപ്പോഴും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയി തുടരുകയാണ്.

നേരത്തെ, ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലും ടീം ഇന്ത്യയുടെ മാനേജർ ആയി ജയേഷ് ജോർജ് പ്രവർത്തിച്ചിരുന്നു. ജൂലൈ 12-ന് വിൻഡ്സോർ പാർക് ഡോമിനിക സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കം ആവുക. തുടർന്ന് ജൂലൈ 27-ന് മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്ക് തുടക്കമാകും. ഓഗസ്റ്റ് 3-ന് അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരക്കും തുടക്കമാകും. ഇന്ത്യയുടെ ഏകദിന ടീമിൽ ആണ് സഞ്ജു സാംസൺ ഇടം പിടിച്ചിരിക്കുന്നത്.

Rate this post