നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗുവാഹാതിയിൽ നടനാണ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. രണ്ടു വിദേശ താരങ്ങളെ മാത്രമേ പരിശീലകൻ ഇവാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ളു. പതിഞ്ഞ താളത്തിലാണ് ഗുവാഹത്തിയിൽ മത്സരം ആരംഭിച്ചത്. 11 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിച്ചു. നോർത്ത് ഈസ്റ്റ് കളിക്കാരെ ഡ്രിബ്ലിംഗ് ചെയ്ത് ഇടതുവശത്ത് നിന്ന് മുന്നേറിയ മുഹമ്മദ് ഐമെൻ മികച്ച രീതിയിൽ ബോക്സിലേക്ക് പ്രവേശിക്കുകയും ഷോട്ട് എടുക്കുകയും ചെയ്‌തെങ്കിലും ഗോൾകീപ്പർ ഗുർമീത് സിംഗ് തടുത്തിട്ടു.

17 ആം മിനുട്ടിൽ മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിതക്കും ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ദുർബലമായ ഷോട്ടായത് കൊണ്ട് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 20 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റിനും ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 23 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. രണ്ടു മിനുട്ടിനു ശേഷം മൺവീറിലൂടെ നോർത്ത് ഈസ്റ്റിനു വീണ്ടുമൊരു ഗോൾവസരം ലഭിച്ചു. പ്രധാന താരങ്ങളുടെ അഭാവത്തിൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ കാണാൻ സാധിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 84 ആം മിനുട്ടിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തി.നെസ്റ്റർ ആണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. 90 ആം മിനുട്ടിൽ ജിതിൻ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഉയർത്തി.

Rate this post