ബീഹാറിനെ ഇന്നിങ്സിനും 169 റൺസിനും തകർത്ത് രഞ്ജി ട്രോഫി ക്വാർട്ടർ ഉറപ്പിച്ച് കേരളം | Ranji Trophy

ബിഹാറിനെതിരെ ഇന്നിംഗ്സ് വിജയത്തോടെ രഞ്ജി ട്രോഫിയുടെ നോക്ക് ഔട്ട് യോഗ്യത ഉറപ്പിച്ച് കേരളം. ഇന്നിങ്സിലും 169 റൻസിനുമാണ് കേരളം ബിഹാറിനെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ജലജ് സക്‌സേന രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം ആവർത്തിച്ചു. സർവതേ മൂന്നും വൈശാഖ് , നിതീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.രഞ്ജി ട്രോഫിയിൽ 31 ആം അഞ്ചു വിക്കറ്റ് നേട്ടമാണ് സക്‌സേന നേടിയത്.ടൂർണമെന്റിന്റെ ചരിത്രത്തിൽ മറ്റ് നാല് ബൗളർമാർ മാത്രമാണ് കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.

കൂടുതല്‍ ടീമുകൾക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സക്സേനയുടെ പേരിലായി. ജലജ് സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന 19–ാമത്തെ ടീമാണു ബിഹാർ. മുൻ ഇന്ത്യൻ പേസർ പങ്കജ് സിങ്ങിന്റെ (18) റെക്കോർഡാണു 38 വയസ്സുകാരനായ സക്സേന മറികടന്നത്.രഞ്ജി ട്രോഫിയിൽ സക്‌സേനയുടെ വിക്കറ്റ് നേട്ടം 416 ആയി ഉയർന്നു.ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇപ്പോൾ അദ്ദേഹം ഒമ്പതാം സ്ഥാനത്താണ്.ഈ സീസണിന്റെ തുടക്കത്തിൽ, രഞ്ജി ട്രോഫിയിൽ 6,000 റൺസും 400 വിക്കറ്റുകളും എന്ന അപൂർവ ഇരട്ട നേട്ടം അദ്ദേഹം പൂർത്തിയാക്കി.ഈ നാഴികക്കല്ല് പിന്നിട്ട ഏക ഇന്ത്യൻ ഓൾറൗണ്ടറാണ് അദ്ദേഹം.

നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ബിഹാറിനെ വെറും 64 റണ്‍സിന് പുറത്താക്കി 287 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ കേരളം രണ്ടാം ഇന്നിങ്സിൽ വരെ 118 റൺസിന്‌ പുറത്താക്കി മിന്നുന്ന ജയം സ്വന്തമാക്കി.അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിങ്‌സില്‍ ബിഹാറിനെ തകര്‍ത്തത്. 7.1 ഓവറില്‍ വെറും 19 റണ്‍സിനാണ് ജലജ് അഞ്ചു വിക്കറ്റെടുത്തത്. എം.ഡി നിധീഷ് രണ്ടു വിക്കറ്റ് നേടി.

21 റണ്‍സെടുത്ത മംഗള്‍ മഹ്‌രോറാണ് ബിഹാര്‍ നിരയിലെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ കേരളം 351 റണ്‍സെടുത്തിരുന്നു. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലെത്തച്ചത്. 236 പന്തുകള്‍ നേരിട്ട സല്‍മാന്‍ രണ്ടു സിക്‌സും 15 ഫോറുമടക്കം 150 റണ്‍സെടുത്തു.ഷോൺ റോജർ 59 റണ്‍സെടുത്ത് സൽമാന് മികച്ച പിന്തുണ നൽകി.38 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും 30 റണ്‍സെടുത്ത നിധീഷും കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചു.എം.ഡി. നിധീഷ് ബാറ്റ് കൊണ്ട് മറ്റൊരു നിർണായക സംഭാവന നൽകി. സൽമാനുമായി ചേർന്ന് ഒമ്പതാം വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്തു.