ചിന്നസ്വാമിയിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോലി | Virat Kohli
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. സൂപ്പർ താരം വിരാട് കോലിയുടെ മിന്നുന്ന പ്രകടനമാണ് ബംഗളുരുവിന് വിജയം നേടിക്കൊടുത്തത്.
നായകന് ഡുപ്ലസി അടക്കം തുടക്കത്തിലേ പുറത്തായി തകര്‍ച്ച നേരിട്ട ബംഗളൂരുവിനെ കോഹ്ലിയുടെ ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.കോഹ്ലി 49 പന്തില്‍ നിന്നും 11 ഫോറും രണ്ട് സിക്സറും അടക്കം 77 റണ്‍സ് നേടി. തുടക്കത്തിൽ റൺസൊന്നും എടുക്കാതെ നിന്നപ്പോൾ കോഹ്ലി നൽകിയ ക്യാച്ച് ജോണി ബെർസ്റ്റോ വിട്ടുകളഞ്ഞിരുന്നു. ഈ പ്രകടനത്തോടെ, ടി20 ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്ത തകര്‍പ്പൻ റെക്കോഡും കോലി തന്റെ പേരിലാക്കി. ഐപിഎല്ലില്‍ വിരാട് കോലിയുടെ 51-ാം അര്‍ധസെഞ്ച്വറിയായിരുന്നു പഞ്ചാബിനെതിരായ മത്സരത്തിലേത്. ഇതോടെ ടി20 ക്രിക്കറ്റില്‍ 100 പ്രാവശ്യം 50-ല്‍ അധികം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്.
*Virat Kohli can't hit spin*
— Johns. (@CricCrazyJohns) March 25, 2024
But Virat Kohli in the ground 👇pic.twitter.com/87m5AEsHb5
ടി20യില്‍ 81 തവണ 50-ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള മുൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മയാണ് പട്ടികയില്‍ കോലിക്ക് പിന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം.ടി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും ലോകമെമ്പാടുമുള്ള മൂന്നാമത്തെ ബാറ്ററുമാണ് അദ്ദേഹം.ഐപിഎൽ 2024-ൽ കോഹ്ലിയുടെ ആദ്യ അർധസെഞ്ചുറി കൂടിയാണിത്.വെറും 31 പന്തിൽ നിന്നാണ് കോലി അർദ്ധ ശതകം പൂർത്തിയാക്കിയത്.ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50-ലധികം സ്കോറുകൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. 110 ഫിഫ്റ്റി പ്ലസ് സ്കോറുകളും 14562 റൺസുമായി ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ ചാർട്ടിൽ ഒന്നാമതാണ്.
വെറ്ററൻ താരം ഡേവിഡ് വാർണർ (109 ഫിഫ്റ്റി പ്ലസ് സ്കോറുകൾ, 12094 റൺസ്) തൊട്ടുപിന്നിൽ.നേരത്തെ ആദ്യ ഇന്നിംഗ്സിൽ തൻ്റെ 173-ാം ക്യാച്ചെടുത്ത് കോഹ്ലി ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) ഓൾറൗണ്ടർ സുരേഷ് റെയ്നയെ മറികടന്നു.ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന റെക്കോർഡും താരം സ്വന്തമാക്കി. ഐപിഎല്ലിൽ 650ലധികം ഫോറുകൾ കോഹ്ലി അടിച്ചുകൂട്ടി കഴിഞ്ഞു.
The Chinnaswamy has been treated to a Kohli fifty tonight, his 100th 50+ score in T20s 🙌https://t.co/ptF0YawBOm #RCBvPBKS #IPL2024 pic.twitter.com/dOSv2RoUwc
— ESPNcricinfo (@ESPNcricinfo) March 25, 2024
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. 37 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ 17 റണ്‍സാണ് പഞ്ചാബിനെ 175 റൺസ് കടത്തിയത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു.റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി പേസർ മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടീം സ്കോര്‍ 130 ല്‍ നില്‍ക്കെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ കോഹ് ലി പുറത്തായതോടെ ബംഗളൂരു വീണ്ടും പരാജയം മണത്തു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കും മഹിപാല്‍ ലാംറോറും ഒന്നിച്ചതോടെ വീണ്ടും കരകയറി. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും (10 പന്തില്‍ 28) ലാംറോറും (എട്ട് പന്തില്‍ 17) നടത്തിയ വെടിക്കെട്ട് പ്രകടനവും ബംഗളൂരു വിജയത്തില്‍ നിര്‍ണായകമായി.