‘ഇരട്ട ഗോളുകളുമായി മെസ്സിയും സുവാരസും’ : അഞ്ചു ഗോളിന്റെ ജയവുമായി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒർലാൻഡോ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾ വീതം നേടിയ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് മത്സരത്തിലെ താരങ്ങൾ.

കഴിഞ്ഞ സീസണിൽ ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്തെത്തിയ ഒർലാൻഡോക്കെതിരെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമി പുറത്തെടുത്തത്.തൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോമിനും ഫിറ്റ്‌നസിനും വേണ്ടി പോരാടിയ സുവാരസ് ഇന്നത്തെ മത്സരത്തിൽ മിന്നുന്ന പ്രകടനത്തോടെ വിമർശകരെ നിശബ്ധരാക്കി.കളി തുടങ്ങി നാല് മിനിറ്റിനുള്ളിൽ സുവാരസ് മിയാമിക്ക് വേണ്ടി തൻ്റെ ആദ്യ ഗോൾ നേടി. ജൂലിയൻ ഗ്രെസലിൻ്റെ ക്രോസിൽ നിന്നുള്ള ശക്തമായ ഷോട്ടിലൂടെയാണ് ഉറുഗ്വേൻ ഗോൾ നേടിയത്.

11-ാം മിനിറ്റിൽ ഗ്രെസലിൻ്റെ സഹായത്തോടെ മറ്റൊരു മികച്ച ഗോളിലൂടെ അദ്ദേഹം തൻ്റെ നേട്ടം ഇരട്ടിയാക്കി. 29-ാം മിനിറ്റിൽ സുവാരസിന്റെ പാസിൽ നിന്നും റോബർട്ട് ടെയ്‌ലർ മൂന്നാം ഗോൾ നേടി. മെസ്സിയുടെ പാസിൽ നിന്നും സുവാരസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ഹാട്രിക് ആഘോഷം ഇല്ലാതെയായി.54-ാം മിനിറ്റിൽ മെസ്സി ഗോളിനടുത്തെത്തി. സുവാരസുമായുള്ള സമർത്ഥമായ കൈമാറ്റത്തിന് ശേഷമുള്ള ഗ്രെസലിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി.

57 മിനിറ്റിൽ മെസ്സി ഇന്റർ മയമിയുടെ നാലാം ഗോൾ നേടി.മിയാമിയുടെ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബ നാലാം ഗോളിൽ നിർണായക പങ്ക് വഹിച്ചു. 62ആം മിനിറ്റിൽ സുവാരസിന്റെ ക്രോസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ ജയം പൂർത്തിയാക്കി. 3 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്റർ മയാമി രണ്ട് വിജയങ്ങൾ കരസ്ഥമാക്കിയ മയാമി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

Rate this post