‘കേരള ബ്ലാസ്റ്റേഴ്‌സ് മിസ്റ്റർ ഡിപെൻഡബിൾ’ : ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മറ്റൊരു നേട്ടം സ്വന്തമാക്കി അഡ്രിയാൻ ലൂണ |Kerala Blasters |Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ നീക്കങ്ങൾ മനസിലാക്കുക എന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റിഫ്ലെക്സുകളും മിന്നൽ നീക്കങ്ങളും പലപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ തളർത്തുന്നു. ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച മത്സരത്തിലും അത് കാണാൻ സാധിച്ചിരുന്നു.

ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വോജയ ഗോൾ നേടിയ ലൂണ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.പലപ്പോഴും ടീമിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയ ലൂണയെ ആരാധകർ നൽകിയ പേരാണ് ‘കേരളാ ബ്ലാസ്റ്റേഴ്‌സ് മിസ്റ്റർ ഡിപെൻഡബിൾ’. ബെംഗളൂരു എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്‌എൽ ഓപ്പണറിൽ സ്‌കോർ ചെയ്‌ത മിഡ്‌ഫീൽഡർ ഇന്നലെ മത്സരത്തിൽ 74-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ജാംഷെഡ്പൂരിനെതിരെ ലൂണ നേടിയത് മനോഹരമായ ഗോളായിരുന്നു.

വലതു വശത്ത് നിന്നും ജാപ്പനീസ് വിംഗർ ഡൈസുകെ സകായ് ലൂണയ്ക്ക് നൽകിയ പന്ത് ലൂണ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു നൽകി. ഡയമന്റകോസ് ലൂണയ്ക്കു തന്നെ പന്ത് തിരിച്ചുനൽകി. പിന്നാലെ ലൂണ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ മികച്ചൊരു ഗോൾ അവസരം ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുൻപിൽ കിട്ടിയെങ്കിലും ​ഗോൾ നേടാനായില്ല. ബെംഗളൂരുവിനെതിരെയുള്ള ആദ്യ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലും ലൂണ നിർണായക പങ്കാണ് വഹിച്ചത്.രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.

ആദ്യ ഗോളിന് വഴിയൊരുക്കിയ കോർണർ എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു. ജാംഷെഡ്പൂരിനെതിരെ ആധിപത്യം പുലർത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് അത് ഗോളാക്കി മാറ്റാനായില്ല. ബ്ലാസ്റ്റേഴ്‌സ് റിസർവ് റാങ്കുകളിലൂടെ വന്ന മുഹമ്മദ് ഐമെൻ ഇടത് വശത്തുകൂടി മികച്ച രീതിയിൽ മുന്നേറുകയും ഏതാനും പാസുകൾ ബോക്‌സിലേക്ക് അയയ്ക്കുകയും ചെയ്തു. ലൂണ രണ്ടുതവണ സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ഇപ്പോൾ ലൂണയാണ്.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 12 ഗോളുകൾ ലൂണ നേടിക്കഴിഞ്ഞു. 11 ഗോളുകൾ നേടിയിട്ടുള്ള മലയാളി താരം വിനീതിനെയാണ് ലൂണ പിറകിലാക്കിയത്. മുന്നിലുള്ളത് ഓഗ്ബച്ചെ മാത്രമാണ്.ആകെ 14 ഗോളുകളാണ് ലൂണ നേടിയിട്ടുള്ളത്.ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ലൂണ സ്വന്തമാക്കി.ബോക്‌സിനുള്ളിൽ സർഗ്ഗാത്മകതയോടെയും കൃത്യതയോടെയും കേരളത്തിന്റെ ആക്രമണ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ അഡ്രിയാൻ ലൂണ മത്സരത്തിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

Rate this post