90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ പെറുവിന് അവസാന മിനുട്ടിലെ ഗോളിൽ കീഴടങ്ങേണ്ടി വന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 17 ആം മിനുട്ടിൽ റാഫിൻഹ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ബിൽഡപ്പ് സമയത്ത് റോഡ്രിഗോ ഓഫ്‌സൈഡായത്കൊണ്ട് റഫറി ഗോൾ അനുവദിച്ചില്ല. 24 ആം മിനുട്ടിൽ ഗോൾ നേടുന്നതിന് അടുത്തെത്തിയെങ്കിലും റിച്ചാർലിസന് ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 29 ആം മിനുട്ടിൽ ബ്രസീൽ ഗോൾ നേടിയെങ്കിലും റഫറി ഓഡ്ഫ്‌സൈഡ് വിളിച്ചു.

വലതു വിങ്ങിൽ നിന്നും ഗുയിമേറസ് കൊടുത്ത ക്രോസ്സ് റിച്ചാർലിസൺ മികച്ചൊരു ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയെങ്കിലും ഏഴ് മിനിറ്റ് പരിശോധനയ്ക്ക് ശേഷം var പരിശോധനയിൽ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞു. ബ്രസീൽ പെറു ബോക്സ് ലക്ഷ്യമാക്കി നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. ഇഞ്ചുറി ടൈമിൽ ബോക്‌സിനുള്ളിൽ വലതുവശത്ത് നെയ്‌മറിന്റെ ശക്തമായ ഷോട്ട് പെറു ഗോൾകീപ്പർ തടുത്തിട്ടതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ബ്രസീൽ മുന്നേറ്റങ്ങൾ പെറുവിയൻ താരങ്ങൾ സമർത്ഥമായി തടുത്തു. 64 ആം മിനുട്ടിൽ ബ്രസീൽ നിരയിൽ റിച്ചലിസാണ് പകരം ഗബ്രിയേൽ ജീസസ് ഇറങ്ങി. 73 ആം മിനുട്ടിൽ റാഫിൻഹയുടെ ലോംഗ് റേഞ്ച് ശ്രമം പെറു കീപ്പർ ഗല്ലീസ് രക്ഷപ്പെടുത്തി.അവസാന പത്തു മിനുട്ടിൽ ബ്രസീൽ കൂടുതൽ ആക്രമിച്ചു കളിച്ചപ്പോൾ പെറു പ്രതിരോധം കൂടുതൽ ശക്തമാക്കി.ആധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ബ്രസീലിന്റെ ഭാഗത്ത് നിന്നും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.കാത്തിരിപ്പിനൊടുവിൽ 90 ആം മിനുട്ടിൽ നെയ്മറുടെ കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നേടിയ ഗോളിൽ മാർകിൻഹോസ്‌ ബ്രസീലിനെ മുന്നിലെത്തിച്ചു.

2/5 - (1 vote)