വെസ്റ്റ് ഇൻഡീസിനെതിരായ മിന്നുന്ന സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിനൊപ്പമെത്തി ഗ്ലെൻ മാക്‌സ്‌വെൽ | Glenn Maxwell

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക വിജയം നേടിക്കൊടുത്തത്.അഡ്‌ലെയ്ഡ് ഓവലിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയുടെ ലോക റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് മാക്‌സ്‌വെൽ . മികച്ച ഫോമിൽ തുടരുന്ന മാക്‌സ്‌വെൽ 50 പന്തിൽ തൻ്റെ അഞ്ചാം ടി20 സെഞ്ചുറി നേടി.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ എട്ട് സിക്‌സറുകളും 12 ബൗണ്ടറികളുമടക്കം 120 റൺസ് നേടിയാണ് മാക്‌സ്‌വെൽ പുറത്താകാതെ നിന്നത്. 2016 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെ 145* റൺസ് നേടിയപ്പോഴാണ് അദ്ദേഹത്തിൻ്റെ ആദ്യ സെഞ്ച്വറി. 2018 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെയുള്ള 103* റൺസായിരുന്നു അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സെഞ്ച്വറി. 2019 ഫെബ്രുവരിയിൽ ഇന്ത്യയ്‌ക്കെതിരെ മാക്‌സ്‌വെൽ 113* റൺസും തുടർന്ന് 2023 നവംബറിൽ അതേ എതിരാളിക്കെതിരെ 104* റൺസും നേടി.

T20I ക്രിക്കറ്റിലെ 4-ാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരത്തിന്റെ ഉയർന്ന സ്കോർ എന്ന സൂര്യകുമാർ യാദവിൻ്റെ റെക്കോർഡും മാക്‌സ്‌വെൽ തകർത്തു.2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിൽ ഇന്ത്യയുടെ സൂര്യ 117 റൺസ് നേടിയിരുന്നു. മാക്സ്‌വെല്ലിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ, ഓസീസ് 241 എന്ന കൂറ്റൻ സ്‌കോർ നേടി.ടി20 ഐ ക്രിക്കറ്റിലെ ഓസ്‌ട്രേലിയയുടെ നാലാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവലിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 36 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും നാല് സിക്‌സും ഉൾപ്പടെ 63 റണ്‍സ് എടുത്ത ക്യാപ്റ്റന്റെ പ്രകടനം പക്ഷേ വിജയം സമ്മാനിച്ചില്ല. 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 37 റണ്‍സെടുത്ത് ആന്ദ്രേ റസ്സലും തിളങ്ങി. ഓസ്‌ട്രേലിയക്കായി മാര്‍ക്കസ് സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങൾ :
രോഹിത് ശർമ്മ – 143 ഇന്നിംഗ്‌സിൽ 5
ഗ്ലെൻ മാക്സ്വെൽ – 94 ഇന്നിംഗ്സിൽ 5
സൂര്യകുമാർ യാദവ് – 57 ഇന്നുകളിൽ 4
ബാബർ അസം – 103 ഇന്നുകളിൽ 3
കോളിൻ മൺറോ – 62 ഇന്നിംഗ്‌സിൽ 3
സബാവൂൺ ഡേവിസി – 31 ഇന്നിംഗ്‌സിൽ 3

4.6/5 - (11 votes)