തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കേരളത്തെ 300 റൺസ് കടത്തി മുഹമ്മദ് അസ്ഹറുദ്ദീൻ | Ranji Trophy

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 69 റൺസിന്റെ പിൻബലത്തിൽ കേരളം 330/8 എന്ന നിലയിലാണുള്ളത്. 219/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്, ക്യാപ്റ്റൻ സഞ്ജു സാംസണെ ഓവർനൈറ്റ് സ്‌കോറായ 57 റൺസിൽ നഷ്ടപ്പെട്ടു.

സഞ്ജു സാംസണെ ആശിഷ് ചൗഹാൻ പുറത്താക്കി.72 പന്തിൽ ഒമ്പത് ബൗണ്ടറികളോടെയായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്‌സ്.മധ്യനിരയിൽ വിഷ്ണു വിനോദിനൊപ്പം ചേർന്ന അസ്ഹർ ആറാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. 86 പന്തിൽ 40 റൺസെടുത്ത വിഷ്ണു ചൗഹാൻ്റെ പന്തിൽ പുറത്തായി.മീഡിയം പേസർ ശ്രേയസ് ഗോപാലിനെ അഞ്ച് റൺസിന് പുറത്താക്കി ചൗഹാൻ അഞ്ചാം വിക്കറ്റ് സ്വന്തമാക്കി.അസ്ഹർ (69 ബാറ്റിംഗ്), എം ഡി നിധീഷ് (1 ബാറ്റിംഗ്) എന്നിവരാണ് ക്രീസിൽ.89 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്‌സും അസ്ഹർ നേടി.

ആദ്യ ദിനം വലിയ തകർച്ചയോടെയാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്, സ്കോർ ബോർഡിൽ നാല് റൺസ് ഉള്ളപ്പോൾ ഓപ്പണർമാരായ രോഹൻ കുന്നുമ്മലിനെയും ജലജ് സക്‌സേനയെയും കേരളത്തിന് നഷ്ടമായി. സച്ചിൻ ബേബിയും രോഹൻ പ്രേമും ചേർന്ന് മൂന്നാം വിക്കറ്റിൽ 135 റൺസ് കൂട്ടിച്ചേർത്തു.54 റൺസെടുത്ത രോഹൻ റണ്ണൗട്ടായി. 144 പന്തിൽ എട്ട് ഫോറുകൾ സഹിതമാണ് രോഹൻ 54 റൺസ് നേടിയത്.നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണുമായി ചേർന്ന് സച്ചിൻ 48 റൺസ് കൂട്ടിച്ചേർത്തു.

തൻ്റെ പതിമൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിക്ക് അരികെ വെച്ച് 91 റൺസ് നേടിയ സച്ചിനെ ആശിഷ് ചൗഹാൻ പുറത്താക്കി.180 പന്തിൽ 11 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു 35കാരൻ്റെ ഇന്നിങ്‌സ്.മോശം വെളിച്ചം കാരണം ദിവസം 74 ഓവർ മാത്രമേ സാധ്യമായുള്ളൂ.നാല് മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി ഛത്തീസ്ഗഡ് നാലാം സ്ഥാനത്താണ്. എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ നാല് കളികളിൽ നിന്ന് അഞ്ച് പോയിൻ്റ് മാത്രമുള്ള കേരളം ആറാം സ്ഥാനത്താണ്.

Rate this post