ഏകദിന ലോകകപ്പ് ടീമിൽ സഞ്ജു സാംസണെയും ഉൾപ്പെടുത്തണം :മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് |Sanju Samson

2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ബാറ്റിംഗ് ഓർഡറിൽ നാലോ അഞ്ചോ നമ്പറിൽ കളിക്കാൻ സാംസണിന് കഴിവുണ്ടെന്നും ഇടങ്കയ്യൻ, ലെഗ് സ്പിൻ ബൗളിംഗിനെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

“സഞ്ജു അവസാനമായി കളിച്ച മത്സരത്തിലെപോലെയുള്ള ഇന്നിംഗ്സ് അദ്ദേഹം മുമ്പ് പലതവണ കളിച്ചിട്ടുള്ളതാണ്.അത് നാലായാലും അഞ്ചാം നമ്പറായാലും സഞ്ജു കളിക്കും ” കൈഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.“ഇഷാൻ കിഷൻ അല്ലെങ്കിൽ അക്സർ പട്ടേലിനെ പോലെയുള്ള ഒരു ഇടംകയ്യനെ അയക്കുന്നതിനെക്കുറിച്ച് പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. അതൊരു ന്യായമായ നീക്കമല്ലെന്ന് ഞാൻ കരുതുന്നു. ഇടംകയ്യൻ സ്പിന്നിനെയോ ലെഗ് സ്പിന്നിനെപ്പോലും നേരിടാൻ കഴിയുന്ന ഒരാളെ നമ്പർ 4-ൽ ആവശ്യമാണ്. അസാമാന്യമായ കഴിവും വലിയ ഷോട്ടുകൾ ഉതിർക്കാനുള്ള കഴിവും ഞ്ജുവിനുണ്ട്. ഈ വേഷത്തിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” കൈഫ് പറഞ്ഞു.

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ 26 പന്തിൽ 40 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ടീമിനെ സെലക്ടർമാർ തിരഞ്ഞെടുക്കുന്ന സമയത്താണ് ഈ ഇന്നിംഗ്‌സിന്റെ പ്രാധാന്യം.സമ്മർദത്തിൽ കളിക്കാനുള്ള സാംസണിന്റെ കഴിവും വലിയ മുതൽക്കൂട്ടാണെന്ന് മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

“അവസാന ഇന്നിംഗ്‌സ് കളിച്ച രീതിയിൽ, പ്രകടനം നടത്താൻ താൻ സമ്മർദ്ദത്തിലാണെന്ന് സഞ്ജുവിന് അറിയാമായിരുന്നു. ആ ഇന്നിങ്സ് കളിച്ചില്ലെങ്കിൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു.അവനത് അറിയാമായിരുന്നു. സമ്മർദത്തിൽ കളിക്കുമ്പോൾ സഞ്ജു സാംസണാണ് മികച്ചത്. അദ്ദേഹം തയ്യാറാണ്, ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കണം” കൈഫ് കൂട്ടിച്ചേർത്തു.2023ലെ ഏകദിന ലോകകപ്പ് ഒക്ടോബർ മുതൽ നവംബർ വരെ ഇന്ത്യയിൽ നടക്കും. മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.

Rate this post