‘ഇന്ത്യയ്ക്ക് വലിയ തിരിച്ചടി’ : ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും | Mohammed Shami

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തായ ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും.2023 ലോകകപ്പിനിടെ ഷമിക്ക് കണങ്കാലിന് പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിൽ അദ്ദേഹം തന്റെ മികച്ച പ്രകടനം പുറത്തെടുത്തു.

കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ബൗളിംഗ് പുനരാരംഭിക്കാത്തതിനാൽ, ജനുവരി 25 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മുഹമ്മദ് ഷമി കളിക്കുന്ന കാര്യം സംശയത്തിലാണ്.ഇന്ത്യൻ എക്‌സ്‌പ്രസിലെ ഒരു റിപ്പോർട്ട് പ്രകാരം ഷമി ബൗളിംഗ് ആരംഭിച്ചിട്ടില്ലെന്നും ഫിറ്റ്‌നസ് തെളിയിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പോകേണ്ടിവരുമെന്നും പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിലും 33 കാരനായ പേസറെ ഫിറ്റ്‌നസിന് വിധേയമായി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ബിസിസിഐ മെഡിക്കൽ ടീം അനുമതി നൽകിയില്ല.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സഹ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ലഭ്യമാവുന്നതിനാൽ ഷമിയുടെ തിരിച്ചുവരവിൽ ബിസിസിഐ ജാഗ്രത പാലിക്കാൻ സാധ്യതയുണ്ട്.ഹോം സാഹചര്യങ്ങളിൽ സ്പിൻ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഷമിയുടെ തിരിച്ചുവരവ് തിരക്കുകൂട്ടേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചേക്കാം.

അതേസമയം ജനുവരി 25-നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത് . ഹൈദരാബാദിലാണ് ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണം, 15-ന് രാജ്‌കോട്ട്, 23-ന് റാഞ്ചി, മാര്‍ച്ച് ഏഴിന് ധര്‍മശാല എന്നിവിടങ്ങളിലാണ് യഥാക്രമം മറ്റ് മത്സരങ്ങള്‍ തുടങ്ങുക.