‘ഈ വികാരം പ്രകടിപ്പിക്കാൻ കഴിയില്ല. ഇതൊരു സ്വപ്നമാണ്’ : അർജുന അവാർഡ് ഏറ്റുവാങ്ങിയ ശേഷം മൊഹമ്മദ് ഷമി |Mohammed Shami

ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി അർജുന അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ്. അർജുന അവാർഡ് ലഭിച്ച 26 കായികതാരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഷമി.2023 ഏകദിന ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഷമി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പിലെ പ്രകടനത്തിനു ശേഷം ബിസിസിഐ അദ്ദേഹത്തിന്റെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഇത്തവണ അർജുന അവാർഡ് നേടിയ ഏക ക്രിക്കറ്ററാണ് ഷമി.അർജുന അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മുഹമ്മദ് ഷമി പറഞ്ഞു.“ഈ വികാരം പ്രകടിപ്പിക്കാൻ കഴിയില്ല. ഇതൊരു സ്വപ്നമാണ്. ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നതിനാൽ ഞാൻ ശ്രമിക്കുന്നു.എനിക്ക് കഴിയുന്നത്ര നന്നായി എന്റെ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” അർജുൻ അവാർഡ് നേടിയ ശേഷം ഷമി പറഞ്ഞു.

‘ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്.സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്” മുഹമ്മദ് ഷമി കൂട്ടിച്ചേർത്തു . വേൾഡ് കപ്പിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മുഹമ്മദ് ഷമിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി, ന്യൂസിലൻഡിനെതിരെ 5 വിക്കറ്റ് നേടി തിരിച്ചുവരവ് ഗംഭീരമാക്കി.ഇംഗ്ലണ്ടിനെതീരെ നാലും വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച വിജയത്തിൽ ഷമി 2 വിക്കറ്റ് വീഴ്ത്തി,വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് വീഴ്ത്തി ഷമി തിളങ്ങി.ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ഷമിക്ക് ഒരു വിക്കറ്റ് മാത്രമേ എടുക്കാനായുള്ളൂ.ലോകകപ്പ് ചരിത്രത്തിൽ 50-ലധികം വിക്കറ്റുകൾ നേടിയ 7 ബൗളർമാരിൽ ഒരാളായി ഷമി മാറി. നിലവിൽ പരിക്ക് മൂലം ടീമിന് പുറത്താണ് ഷമി.കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര മുഹമ്മദ് ഷമിക്ക് നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും അദ്ദേഹം പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. താരം ഇതുവരെ ബോളിംഗ് ആരംഭിച്ചിട്ടില്ല.

Rate this post